Jump to content

താങ് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താങ് സാമ്രാജ്യത്തിന്റെ വിസ്തൃതി

ഏഴാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെ ഏകദേശം 300 വർഷക്കാലം ചൈനയിൽ അധികാരത്തിലിരുന്ന രാജവംശമാണ് താങ് രാജവംശം[1]. ക്ഷിയാൻ ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ക്ഷിയാൻ. തുർക്കി, ഇറാൻ, ഇന്ത്യ, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ ക്ഷിയാൻ സന്ദർശിച്ചിരുന്നു.

ഒരു മൽസരപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥവൃന്ദമാണ്‌ ഇവിടെ ഭരണനിർ‌വഹണം നടത്തിയിരുന്നത്. ഏതൊരാൾക്കും ഈ പരീക്ഷയിൽ പങ്കെടുക്കാമായിരുന്നു. 1911-ആമാണ്ടു വരെ ചെറിയ മാറ്റങ്ങളോടെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള ഈ പരീക്ഷ ചൈനയിൽ തുടർന്നു വന്നിരുന്നു.

ചരിത്രം

[തിരുത്തുക]
Emperor Taizong (r. 626-649) receives Ludongzan, ambassador of Tibet, at his court; painted in 641 AD by Yan Liben (600-673)

ചൈനയിൽ അധികാരത്തിലിരുന്ന സൂയ് രാജവംശത്തെ (589-618) പുറത്താക്കിക്കൊണ്ടാണ് തങ് രാജവംശം അധികാരത്തിലേറിയത്. ലി യുവാനായിരുന്നു തങ് രാജവംശത്തിന്റെ സ്ഥാപകൻ‍.[2] സൂയ് ചക്രവർത്തിയുടെ കീഴിൽ സൈനിക ജനറലായിരുന്ന ലി യുവാൻ 618-ൽ സൂയ് രാജവംശത്തിനെതിരായി ശക്തമായ കലാപം നയിക്കുകയും അവരിൽ നിന്നും അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

സൂയ് ചക്രവർത്തിമാരുടെ കീഴിൽ ശിഥിലമായിത്തീർന്ന രാജ്യത്തെ സുശക്തമായ കേന്ദ്ര ഭരണത്തിൻ കീഴിൽ കൊണ്ടുവരുന്ന തിൽ യുവാൻ വിജയിച്ചു. ആധുനിക കാലം വരെ ചൈനയിൽ നിലനിന്ന രാഷ്ട്രീയ ഘടനയുടെ പല അടിസ്ഥാന സ്വഭാവവിശേഷങ്ങളും ഉരുത്തിരിഞ്ഞത് തങ് ഭരണക്രമത്തിൽ നിന്നാണ്. കേന്ദ്ര ഭരണസംവിധാനത്തിൻ കീഴിൽ മൂന്ന് പ്രധാന വകുപ്പുകൾ പ്രവർത്തിച്ചിരുന്നു-സെക്രട്ടറിയേറ്റ്, ചാൻസലറി, ഡിപാർട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഫയേഴ്സ് എന്നിവ. നയരൂപീകരണം സെക്രട്ടറിയേറ്റിന്റേയും ചാൻസലറിയുടേയും കീഴിലായിരുന്നു. ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഫയേഴ്സാണ് സിവിൽ നിയമനം, പൊതുമരാമത്ത് എന്നിവയുടെ ചുമതല നിർവഹിച്ചത്. പ്രാദേശിക ഭരണ യൂണിറ്റുകളായ പ്രിഫക്ചറിലും കൗണ്ടികളിലും ഭരണച്ചുമതല വഹിച്ചിരുന്നത് കേന്ദ്ര ഉദ്യോഗസ്ഥന്മാരായിരുന്നു. സൈനികഭരണത്തിനായി കർഷക-യോദ്ധാക്കൾ ഉൾപ്പെട്ട യൂണിറ്റുകൾ തലസ്ഥാനത്തും അതിർത്തിയിലും തമ്പടിച്ചു. രാജ്യത്തിന്റെ പ്രധാന വരുമാനം ധാന്യങ്ങൾക്കു ചുമത്തിയ നികുതിയായിരുന്നു. നിയമം ക്രോഡീകരിക്കപ്പെട്ടത് യുവാന്റെ കാലത്തെ പ്രധാന സംഭവ വികാസമായിക്കരുതാം.

ലി യുവാന്റെ പുത്രൻ തൈഡ് സുങ് ചൈന ഭരിച്ച പ്രഗല്ഭന്മാരായ ചക്രവർത്തിമാരിൽ പ്രമുഖനായിരുന്നു (എ.ഡി. 627-650). ലി യുവാന്റെ ഇളയ പുത്രനായ തൈഡ് സുങ് കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം വൃദ്ധനായ പിതാവിന്മേൽ സമ്മർദം ചെലുത്തി, അദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിപ്പിച്ചു. രക്തപങ്കിലമായ പൂർവചരിത്രത്തിനുടമയായിരുന്നെങ്കിലും, ഇദ്ദേഹം ക്രമേണ ആദരണീയനായി മാറി. 22 വർഷം നീണ്ടുനിന്ന ഭരണകാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണാധികാരി എന്ന ഖ്യാതി നേടുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

രാജ്യത്തിന്റെ ഭാവിക്കും സുരക്ഷയ്ക്കും ഭീഷണിയായി വർത്തിച്ച തുർക്കി ഗോത്രങ്ങളെ വടക്കൻ ചൈനയിൽ നിന്നു പുറത്താക്കിയ തൈഡ് സുങ്, തിബത്തിന്റേയും തുർക്കിസ്ഥാന്റേയും ഏതാനും പ്രദേശങ്ങൾ കൈവശപ്പെടുത്തി.

ടാറിം തടത്തിലെ ഒയാസിസ് രാജ്യങ്ങളുടെ മേൽ തൈഡ് സുങ് ആധിപത്യം സ്ഥാപിച്ചതോടുകൂടി പ്രഖ്യാതമായ സിൽക്ക് റോഡിന്റെ നിയന്ത്രണം തങ് വംശത്തിന്റെ കീഴിൽ വന്നുചേർന്നു. അറബികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ, പേർഷ്യക്കാർ, ഇന്ത്യക്കാർ, എന്നിവർ വാണിജ്യവ്യാപാരങ്ങൾക്കായി ഇവിടെ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഇതിലൂടെ നിരവധി വ്യത്യസ്ത സംസ്കാരങ്ങളുമായി അടുത്തിടപഴകാൻ ചൈനയ്ക്ക് അവസരം ലഭിച്ചു. ഈ സമ്പർക്കവും സഹവർത്തിത്വവും മൂലം ചൈനയ്ക്ക് ഒരു സാർവലൗകിക സ്വഭാവം കൈവരിക്കുവാൻ സാധിച്ചു. ചൈനയുടെ സംഗീതം, കവിത, സാഹിത്യം, കല എന്നീ സാംസ്കാരിക ധാരകളെ എല്ലാം അന്യസംസ്കൃതികൾ പ്രബലമായി സ്വാധീനി ക്കുകയുണ്ടായി. ചൈനാസമൂഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ബുദ്ധമതമായിരുന്നു. തങ് കാലത്ത് ബുദ്ധമതം ചൈനയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വാംശീകരിക്കുകയുണ്ടായി. തൈഡ് സുങ് കൺഫ്യൂഷ്യസ് മതത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ഇതരമതങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു. മറ്റു മതസ്ഥർക്ക് ചൈനയിൽ ആരാധനാലയങ്ങൾ പണിയുവാനുള്ള അനുമതിയും ഇദ്ദേഹം നല്കി.

തൈഡ് സുങ് നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങൾ ചൈനയുടെ വളർച്ചയ്ക്കും വികാസത്തിനും വളരെയധികം സഹായകമായി ഭവിച്ചു. ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചൈനയെ പത്ത് സർക്യൂട്ടുകളായി വിഭജിച്ച ഇദ്ദേഹം ഇവയുടെ ഭരണം കാര്യക്ഷമമാക്കുന്നതിനായി 'കമ്മീഷണേഴ്സ് ഒഫ് ഇൻസ്പെക്ഷൻ' എന്ന ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. പ്രിഫക്ച്ചറുകളുടേയും കൌണ്ടികളുടേയും എണ്ണം പരിമിതപ്പെടുത്തിയതുവഴി ഭരണയന്ത്രത്തിന്റെ വലിപ്പം കുറയ്ക്കുവാൻ സാധിച്ചു. പ്രകൃതിക്ഷോഭകാലത്ത് പട്ടിണിയും ദുരിതങ്ങളും ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലായി സംഭരണശാലകൾ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ഭരണനിപുണതയുടേയും ദീർഘവീക്ഷണത്തിന്റേയും ദൃഷ്ടാന്തമായിക്കരുതാം. സിവിൽ സർവീസ് പരീക്ഷാ സമ്പ്രദായംവഴി ഏറ്റവും യോഗ്യരായ ഉദ്യോഗാർഥികളെയാണ് ഉന്നത ഭരണസ്ഥാനങ്ങളിൽ നിയമിച്ചത്. ഇതും ജനപ്രീതിയുളവാക്കുന്ന പ്രവൃത്തിയായിരുന്നു.

മിലിട്ടറി ജനറൽമാർ ഭരണസിരാകേന്ദ്രത്തിനെതിരായി ഉണ്ടാക്കിയേക്കാവുന്ന ഭാവിവിപത്തിനെക്കുറിച്ച് തൈഡ് സുങ് ബോധവാനായിരുന്നു. രാജഭരണത്തിന്റെ ഭാവിയേയും സുരക്ഷയേയും അപകടത്തിലേക്കു നയിക്കുന്ന ശക്തിയായി അവർ വളർന്നേക്കാം എന്ന് മുൻകൂട്ടി കണ്ടു. ഇതിനൊരു മുൻകരുതലായി സൈനിക സർവീസിലെ ആഭിജാത്യവർഗക്കാരായ പ്രഭുക്കന്മാരുടെ അനുപാതം ഗണ്യമായി കുറയ്ക്കുകയും തത്സ്ഥാനങ്ങളിൽ സാധാരണക്കാരെ നിയോഗിക്കുകയും ചെയ്തു.

ഭരണകാലത്തിന്റെ ഒടുവിൽ വടക്കൻ കൊറിയയും തെക്കൻ മഞ്ചൂറിയയും ഉൾപ്പെട്ട കൊഗരിയോ (Koguryo) രാജ്യത്തിനെതിരായി ഇദ്ദേഹം നയിച്ച യുദ്ധസന്നാഹങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. മന്ത്രിമാരുടെ ഉപദേശത്തെ തിരസ്കരിച്ചുകൊണ്ടു നടത്തിയ ഈ പര്യടനത്തിന്റെ ദയനീയ പരാജയംമൂലം അവസാനകാലത്ത് തീർത്തും ഒറ്റപ്പെടേണ്ട ദുരോഗ്യം ഇദ്ദേഹത്തിനുണ്ടായി. തൈഡ് സുങ്ങിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പുത്രനായ കയോ-സൂങ് 649-ൽ ചക്രവർത്തിയായി. എന്നാൽ അനാരോഗ്യം മൂലം ഇദ്ദേഹത്തിന്റെ പത്നിയായ 'വു' ഭരണകാര്യങ്ങളിൽ സ്വാധീനം ചെലുത്തി. കൊഗരിയോ രാജ്യത്തെ ചൈനയുടെ അധീനതയിൽകൊണ്ടുവന്നത് ഈ ഭരണകാലത്തെ തിളക്കമേറിയ ഒരു സൈനികവിജയമായിരുന്നു. ഇക്കാലത്ത് ചൈനയുടെ വിസ്തൃതി വർധിച്ചു; ചൈനാകടൽ തൊട്ട് പേർഷ്യവരെയുള്ള വിപുലമായ സാമ്രാജ്യമായി ചൈന മാറി.

എന്നാൽ ആശങ്കാജനകമായ ഏതാനും സ്ഥിതിവിശേഷങ്ങളും ഭരണരംഗത്തു ഇക്കാലഘട്ടത്തിൽ സംജാതമായി. രാജ്യത്തിന്റെ വിസ്തൃതി വർധിച്ചതോടെ ഭരണകാര്യങ്ങൾ സങ്കീർണമായിത്തീർന്നു. യുദ്ധങ്ങൾക്ക് ഭീമമായ തുക ചെലവിടേണ്ടിവന്നതു മൂലം സമ്പദ്ഘടനയും ദുർബലമായി. ഈ കാലയളവിൽ തുർക്കികളുടെ ആക്രമണങ്ങളും രാജ്യത്തിന് നേരിടേണ്ടിവന്ന ഭീഷണിയായിരുന്നു. ഇതോടെ രാജ്യരക്ഷയ്ക്കുവേണ്ടി വലിയൊരു സൈന്യത്തെ നിലനിറുത്തേണ്ടത് അനിവാര്യമായി വന്നു. ഇതിനുവേണ്ടുന്ന വമ്പിച്ച തുക അധിക നികുതിയായി ചുമത്തിയത് ജനങ്ങളെ ക്ളേശിപ്പിച്ചു.


Palace ladies in a garden from a mural of Prince Li Xian's tomb in the Qianling Mausoleum, where Wu Zetian was also buried in 706

കയോസുങ്ങിന്റെ മരണത്തെ തുടർന്ന്, അടുത്ത അവകാശിയും മൂത്ത പുത്രനുമായ സോങ്സോങ്ങിനെ മാറ്റിനിർത്തിക്കൊണ്ട് 'വു' തന്റെ ഇളയ പുത്രനായ റൂസോങ്ങിനെ ചക്രവർത്തിയാക്കി (684). റൂസോങ്ങിന്റെ കാലത്തും യഥാർഥഭരണസാരഥി മാതാവു തന്നെയായിരുന്നു. ഭരണകൂടത്തെ തന്റെ വരുതിയിൽ ഉറപ്പിച്ചു നിറുത്തുവാൻ ശ്രമിച്ച ഇവർ തന്റെ നയങ്ങളെ എതിർത്തവരെയെല്ലാം ക്രൂരമായി വകവരുത്തി. 690-ൽ പുത്രനെ പുറത്താക്കി ചൈനയിലെ ആദ്യത്തെ ചക്രവർത്തിനിയായി 'വു' സ്ഥാനമേറ്റു. ഇവരുടെ മൂത്ത മരുമകളായ 'വീ'യും (സോങ്സോങ്ങിന്റെ പത്നി) കൂട്ടരും ചേർന്ന് ചക്രവർത്തിനിയെ സ്ഥാനഭ്രഷ്ടയാക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്തെങ്കിലും 'വീ' യുടെ ഭരണം അധികകാലം നീണ്ടുനിന്നില്ല. 710-ൽ ചക്രവർത്തിനി 'വു'വിന്റെ ചെറുമകൻ (റൂസോങ്ങിന്റെ പുത്രൻ) സുവാൻ സുങ് 'വീ'യെ പുറത്താക്കിക്കൊണ്ട് റൂസോങ്ങിനെ ചക്രവർത്തിയാക്കി. 712-ൽ റൂസോങ് അധികാരം പുത്രനു കൈമാറി.

രാജ്യ താത്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പ്രാപ്തനായ ഭരണാധികാരി എന്ന മട്ടിലായിരുന്നു സുവാൻസുങ്ങിന്റെ ഭരണാരംഭം. തങ് രാജാക്കന്മാരിൽ ഏറ്റവും നീണ്ടകാലം രാജ്യം ഭരിച്ചത് ഇദ്ദേഹമായിരുന്നു. വീ (Wei) കുടുംബവാഴ്ചക്കാലത്ത് ഭരണത്തെ ഗ്രസിച്ച അഴിമതി പൂർണമായും തുടച്ചു നീക്കിയ ഇദ്ദേഹം ഭരണരംഗത്ത് കാലാനുസൃതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കി ജനപ്രീതിനേടി. 733-ൽ സാമ്രാജ്യത്തെ പതിനഞ്ച് സർക്യൂട്ടുകളാക്കി വിഭജിക്കുകയും അവയുടെ മേൽനോട്ടത്തിനായി 'കമ്മീഷനേഴ്സ് ഒഫ് ഇൻസ്പെക്ഷനെ' നിയമിക്കുകയും ചെയ്തു. സൈനികഭരണം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി പത്ത് സ്ഥിര സൈനിക ഗവർണർമാരെ അതിർത്തി സംരക്ഷണത്തിനായി നിയമിച്ചു.

സാംസ്കാരികരംഗത്ത് തിളക്കമേറിയ വ്യക്തിത്വമാർജിച്ചു നിന്ന വ്യക്തിയായിരുന്നു സുവാൻ സുങ്. സാഹിത്യം, കല, സംഗീതം, നൃത്തം എന്നിവയുടെ പരിരക്ഷകനും ആസ്വാദകനുമായിരുന്നു ഇദ്ദേഹം. ചൈനയുടെ ചരിത്രത്തിലെ സാംസ്കാരിക വസന്തമായിരുന്നു തങ് കാലഘട്ടം.

വളരെ നല്ലരീതിയിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ഭരണത്തിന് ക്രമേണ ദിശാബോധം നഷ്ടമായിത്തുടങ്ങി. ഭരണകാര്യങ്ങളിൽ തികഞ്ഞ ഉദാസീനത പ്രകടിപ്പിച്ച ചക്രവർത്തി സുവാൻ സുങ് താന്ത്രിക ബുദ്ധിസത്തിൽ വിശ്വാസം അർപ്പിച്ചത് രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിനു വഴിതെളിച്ചു. പ്രഭുക്കന്മാരും മത്സരപ്പരീക്ഷയിലൂടെ ഉന്നതസ്ഥാനങ്ങളിലെത്തിയ സിവിൽ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വടംവലി ഭരണരംഗത്തെ നിഷ്ക്രിയമാക്കിത്തീർത്തു. ചക്രവർത്തി ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാതെ സുഖലോലുപതയിൽ മുഴുകിയതോടെ രാജ്യം അരാജകത്വത്തിലേക്കു നീങ്ങി.

8-ാം ശ.-ത്തിൽ ചക്രവർത്തിയുടെ അനുയായികൾ തമ്മിൽ നടന്ന സംഘർഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിട്ടു. സുവാൻസുങ് തന്റെ പ്രിയങ്കരിയായ സഖി യാങ് ഗ്യുഫൈ (yang guifei)യുടെ ബന്ധുവായ യാങ് ഗോസോങ്ങിനെയാണ് തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത്. ഇദ്ദേഹത്തിന് ചക്രവർത്തിയുടെ മേലുണ്ടായ അമിത സ്വാധീനം പ്രധാനമന്ത്രിയായ ലി ലിൻഫുവിനെ അസ്വസ്ഥനാക്കി. യാങ് ഗോസോങ്ങിന്റെ അധികാര വ്യാപ്തിയേയും വളർച്ചയേയും തളയ്ക്കുന്നതിനായി ലി ലിൻഫു വടക്കൻ സേനയിലെ ജനറലുകളെ ബദൽ ശക്തിയായി വളർത്തിക്കൊണ്ടുവന്നു. ഇവരിൽ ഒരാളായ അൻലുഷാൻ, യാങ് ഗ്യുഫൈയുടെ കാമുകനുമായിരുന്നു. ലി ലിൻഫു മരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിപദത്തിനുവേണ്ടി അൻലുഷാനും യാങ് ഗോസാങ്ങും തമ്മിൽ കടുത്ത മത്സരമായി. ഈ അധികാരമത്സരത്തിൽ യാങ് ഗോസാങ് വിജയിച്ചു. പ്രകോപിതനായിത്തീർന്ന അൻലുഷാൻ ചക്രവർത്തിക്കും പ്രധാനമന്ത്രിക്കും എതിരായി കലാപത്തിനു മുതിർന്നു.

2,00,000-ത്തോളം വരുന്ന സൈനികരുമായി തലസ്ഥാനമായ ചാങാനിലേക്കു നീങ്ങിയ അൻലുഷാൻ ശക്തമായൊരു പോരാട്ടത്തിനുശേഷം തലസ്ഥാനനഗരം പിടിച്ചെടുത്തു. ഗത്യന്തരമില്ലാതെ തന്റെ അനുയായികളോടൊപ്പം തലസ്ഥാനം വിട്ടുപോകാൻ ചക്രവർത്തി നിർബന്ധിതനായിത്തീർന്നു. യാത്രാമധ്യേ തന്റെ സുരക്ഷാഭടന്മാരുടെ സമ്മർദത്തിനു വഴങ്ങി യാങ് ഗ്യുഫൈയെയും യാങ് ഗോസോങ്ങിനെയും വധശിക്ഷയ്ക്കു വിധിക്കേണ്ട ദുര്യോഗവും ഇദ്ദേഹത്തിനുണ്ടായി. സിച്ചുവാൻ (Cichuan) പ്രവിശ്യയിൽ തങ്ങിയ ഇദ്ദേഹം 756-ൽ രാജ്യഭാരം പുത്രനായ സു സോങ്ങിനെ ഏല്പിച്ചു.

അതേസമയം ചാങാനിൽ അൻലുഷാൻ സ്വയം ചക്രവർത്തിയായി പ്രഖ്യാപനം നടത്തി. പക്ഷേ, ഒരു വർഷത്തിനുള്ളിൽ പുത്രനാൽ വധിക്കപ്പെടേണ്ട നിർഭാഗ്യം ഇദ്ദേഹത്തിനുണ്ടായി. അൻലുഷാൻ വധിക്കപ്പെട്ടതോടെ അനുയായികൾ കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 766-ൽ സു സോങ്ങിന്റെ നേതൃത്വത്തിലുള്ള സേന കലാപകാരികളെ അടിച്ചമർത്തുകയും രാജഭരണം പുനഃസ്ഥാപിക്കുകയും ചെയ്തു. എങ്കിലും ശിഥിലമായ തങ് രാജവംശത്തിന്റെ പ്രതാപം വീണ്ടെടുക്കുവാൻ കഴിഞ്ഞില്ല. തികച്ചും അസംതൃപ്തവും ദുർബലവുമായ ഭരണം നിമിത്തം തങ് രാജവംശം അസ്തമിച്ചുകൊണ്ടിരുന്നു. രാജ്യം ആഭ്യന്തരയുദ്ധത്തിൽ പെട്ടപ്പോൾ പ്രവിശ്യകളിലെ സൈനികമേധാവികൾ കേന്ദ്ര ഭരണത്തെ ധിക്കരിക്കുവാൻ മുതിരുകയും തങ്ങളുടെ ഭരണപ്രദേശങ്ങളെ സമാന്തര ഭരണകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. രാജ്യത്തെ ശിഥിലമാക്കിയ ഈ പ്രവണത ശക്തിയാർജിച്ചതോടുകൂടി 8-ാം ശ.-ത്തിന്റെ ആരംഭത്തിൽ തങ് രാജാക്കന്മാരുടെ ഭരണം നാമമാത്രമായി ചുരുങ്ങി. 9-ാം ശ.-ത്തിൽ തങ് ഭരണവംശത്തിനെതിരായി പൊട്ടിപ്പുറപ്പെട്ട കർഷകവിപ്ലവം തങ് സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു കാരണമായി. 907-ഓടെ തങ് സാമ്രാജ്യഭരണം അവസാനിച്ചു.

അവലംബം

[തിരുത്തുക]
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 2 (New Kings & Kingdoms) , Page 28, ISBN 817450724
  2. Graff 2000, പുറങ്ങൾ. 78, 93.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ രാജവംശം (618 - 907) തങ് രാജവംശം (618 - 907) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താങ്_രാജവംശം&oldid=3088851" എന്ന താളിൽനിന്ന് ശേഖരിച്ചത്