Jump to content

ടൂറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൂറിൻ

Torino
Città di Torino
A collage of Turin: in the top left is the Mole Antonelliana, followed by a view of the city under the snow, the Piazza Vittorio Veneto, the Royal Palace of Turin and the Museo del Risorgimento (Palazzo Carignano)
A collage of Turin: in the top left is the Mole Antonelliana, followed by a view of the city under the snow, the Piazza Vittorio Veneto, the Royal Palace of Turin and the Museo del Risorgimento (Palazzo Carignano)
ഔദ്യോഗിക ചിഹ്നം ടൂറിൻ
Coat of arms
CountryItaly
RegionPiedmont
ProvinceTurin (TO)
ഭരണസമ്പ്രദായം
 • MayorPiero Fassino ([[List of political parties in Italy|PD]])
വിസ്തീർണ്ണം
 • ആകെ130.17 ച.കി.മീ.(50.26 ച മൈ)
ഉയരം
239 മീ(784 അടി)
ജനസംഖ്യ
 (30 April 2009)[1]
 • ആകെ9,10,188
 • ജനസാന്ദ്രത7,000/ച.കി.മീ.(18,000/ച മൈ)
Demonym(s)Torinesi
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
10100, 10121-10156
Dialing code011
Patron saintJohn the Baptist
Saint day24 June
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ഒരു നഗരവും, ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. പീഡ്മോൺട് രാഷ്ട്രീയ മണ്ഡലത്തിന്റെ ആസ്ഥാനം കൂടിയാണിത്. ഉത്തര പശ്ചിമ ഭാഗങ്ങളിൽ ആൽപ്സ് അതിരായുള്ള ഈ നഗരം മിലാനിന് 140 കി.മീ. അകലെ പോ (Po) നദിക്കരയിൽ സമുദ്രനിരപ്പിൽ നിന്ന് 229 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ടോറിനോ (Torino) എന്നാണ് ഇറ്റാലിയൻ നാമധേയം. ഇറ്റലിയുടെ വ്യാവസായിക ത്രികോണം' എന്നു വിശേഷിക്കപ്പെടുന്ന, ടൂറിൻ, മിലാൻ, ജനോവ നഗരത്രയത്തിലെ പശ്ചിമനഗരമാണ് ടൂറിൻ. ടൂറിന് വ. പ. 175 കി.മീ. അകലെയാണ് ജനോവ നഗരം സ്ഥിതിചെയ്യുന്നത്. നഗരജനസംഖ്യ 991870 (90 ഡി.); പ്രവിശ്യാ ജനസംഖ്യ: 952736 ('92).

ചരിത്രം

[തിരുത്തുക]
The Roman Palatine Towers.

പ്രാചീനകാലത്ത് ടൂറിൻ ലിഗൂറിയൻ വംശജരുടെ ആവാസകേന്ദ്രമായിരുന്നു. എ.ഡി. 1 ആം ശതകത്തോടെ ഇത് ഒരു റോമൻ കോളനി ആയിത്തീർന്നു. പിന്നീട് ഒരു പ്രധാന റോമൻ നഗരമായി വികാസം പ്രാപിച്ച ടൂറിൻ അക്കാലത്ത് അഗസ്റ്റാ ടൂറിനോറം (Augusta Taurinorum) എന്നാണ് അറിയപ്പെട്ടിരുന്നത്. 7-ാം ശ.-ത്തിൽ ലൊംബാർഡുകളുടെ അധീനതയിലുള്ള ഒരു ഡച്ചി (പ്രഭുഭരണ പ്രദേശം) ആയി ടൂറിൻ മാറി. പിന്നീട് കുറച്ചുകാലം ഫ്രാങ്കുകളാണ് ഇവിടം ഭരിച്ചിരുന്നത്. സാവോയ് ഭരണകുടുംബം ഈ പ്രദേശത്തിനായി അവകാശമുന്നയിച്ചിരുന്നെങ്കിലും 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ഇതൊരു സ്വതന്ത്ര കമ്യൂൺ ആയി നിലനിന്നു. എന്നാൽ 1280-ഓടെ സാവോയ് കുടുംബം ടൂറിന്റെ ഭരണം പിടിച്ചടക്കി. 1536 മുതൽ 62 വരെ ഫ്രഞ്ചുകാർ ടൂറിൻ കൈവശപ്പെടുത്തിയിരുന്നുവെങ്കിലും സാവോയ് പ്രഭുക്കൾ ഇവിടം തിരിച്ചുപിടിച്ച് ഒരു ഡച്ചിയുടെ ആസ്ഥാനമാക്കിയിരുന്നു. 1800 മുതൽ 14 വരെ വീണ്ടും ഇത് ഫ്രഞ്ച് ഭരണത്തിൻകീഴിലായി. പിന്നീട് 1860 വരെ ടൂറിൻ സാർഡീനിയ രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. ടൂറിൻ കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ ദേശീയ ചിന്താഗതി (Risorgimento) വികാസം പ്രാപിച്ചത്. ഇറ്റലിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ടൂറിൻ കേന്ദ്രീകരിച്ച് നടന്നിരുന്നു. 1861 മുതൽ 65 വരെ ഏകീകൃത ഇറ്റലിയുടെ തലസ്ഥാനമായി വർത്തിച്ചതും ടൂറിൻ ആണ്. 20-ാം നൂറ്റാണ്ടിൽ ടൂറിൻ ഒരു പ്രധാന വ്യാവസായിക-വാണിജ്യ നഗരമായി വളർന്നു. രണ്ടാം ലോകയുദ്ധത്തിൽ നഗരത്തിന് വളരെ നാശനഷ്ടമുണ്ടായി. 1950-കളിലും 60-കളിലും കാർ നിർമ്മാണവ്യവസായം പുഷ്ടിപ്പെട്ടതോടെ ടൂറിൻ അഭിവൃദ്ധി പ്രാപിച്ചു. ഇതോടെ തെക്കൻ ഇറ്റലിയിൽനിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി. തന്മൂലം നഗരജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകാനിടയായി. ഗതകാല പ്രൗഢി വിളിച്ചോതുന്ന പല കൊട്ടാരങ്ങളും ഇന്നിവിടെയുണ്ട്.

വ്യവസായം

[തിരുത്തുക]

മോട്ടോർ വാഹനങ്ങളുടെ നിർമ്മാണമാണ് ടൂറിനിലെ മുഖ്യ വ്യവസായം. വസ്ത്രങ്ങൾ, സംസ്ക്കരിച്ച ഭക്ഷ്യസാധനങ്ങൾ, തുകലുത്പന്നങ്ങൾ തുടങ്ങിയവയും ഇവിടത്തെ വ്യാവസായികോത്പന്നങ്ങളിൽപ്പെടുന്നു. ഇറ്റലിയിലെ രാസസംസ്ക്കരണത്തിന്റെ 85 ശ. മാ. വും കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെ. ഇറ്റലിയിലെ പ്രധാന പുസ്തക പ്രസിദ്ധീകരണകേന്ദ്രം എന്ന പേരിലും ടൂറിൻ പ്രസിദ്ധമായിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വ്യോമ-റെയിൽ ഗതാഗതാസ്ഥാനംകൂടിയാണ് ഈ നഗരം. സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും ഈ നഗരം വൻ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ഒരു മുഖ്യ സാംസ്ക്കാരിക, കലാകേന്ദ്രവുമാണ് ടൂറിൻ. ആധുനിക ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ നഗരത്തെ ഇറ്റലിയിലെ മറ്റു നഗരങ്ങളുമായും പ്രധാന ലോക നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.

ദക്ഷിണ ഇറ്റലിയിലെ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ടൂറിൻ. വീതിയേറിയ ചോലമരപ്പാതകളും, ഉദ്യാനങ്ങളും, തുറസ്സായ മൈതാനങ്ങളും, 17-18 ശ.-ത്തിലെ പുരാതന കെട്ടിടങ്ങളും നഗരത്തിലുടനീളം കാണാം. സമചതുരാകൃതിയിലുള്ള കെട്ടിട സമുച്ചയങ്ങളും, വീതിയേറിയ ചതുരാങ്കണങ്ങളും, ഉദ്യാനങ്ങളും നഗരത്തിന് ഒരു ആധുനിക ഭാവം പ്രദാനം ചെയ്തിരിക്കുന്നു. കാറിഗ്നാനോ, വാലന്റീനോ മുതലായ കൊട്ടാരങ്ങൾ സാവോയ് ഡ്യൂക്കുമാരുടെ വസതികളായിരുന്നു. തുടക്കത്തിൽ ഇറ്റാലിയൻ പാർലമെന്റ് കാറിഗ്നാനോ കൊട്ടാരത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉത്തര പാലറ്റീന, കിഴക്കൻ പ്രട്ടോറിയ എന്നീ കവാടങ്ങൾ റോമൻ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ്. ഇറ്റാലിയൻ ഏകീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 1961-ൽ പീയർ ല്വിഗി നെർവി (Pier Luigi Nervi) രൂപകല്പന ചെയ്തതാണ് ടൂറിനിലെ വിശാലമായ പാലസോ ദെൽ ലാവോറോ എക്സിബിഷൻ ഹാൾ (Palazzo del Lavoro Exhibition Hall). 154 മീ. ഉയരമുള്ള ആന്റോനെലിയാന ടവർ (Antonelliana Tower) നഗരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

ജനസംഖ്യ

[തിരുത്തുക]
Historical population
YearPop.±%
1861 1,73,305—    
1871 2,10,873+21.7%
1881 2,50,655+18.9%
1901 3,29,691+31.5%
1911 4,15,667+26.1%
1921 4,99,823+20.2%
1931 5,90,753+18.2%
1936 6,29,115+6.5%
1951 7,19,300+14.3%
1961 10,25,822+42.6%
1971 11,67,968+13.9%
1981 11,17,154−4.4%
1991 9,62,507−13.8%
2001 8,65,263−10.1%
2009 9,10,188+5.2%
Source: ISTAT 2001

സാംസ്കാരിക സ്ഥാപനങ്ങൾ

[തിരുത്തുക]

ഈജിപ്ഷ്യൻ മ്യൂസിയം, മ്യൂസിയം ഒഫ് ആന്റിക്വിറ്റീസ്; ഫ്ളമിഷ്, ഡച്ച്, ഇറ്റാലിയൻ പ്രതിഭകളുടെ കരവിരുതു പ്രകടമാക്കുന്ന കലാവസ്തുക്കൾ ഉൾക്കൊള്ളുന്ന സബവ്ദ ഗാലറി (Sabauda Gallery) അക്കാദമിയ ആൽബർട്ടിനാ ദി ബെല്ലി ആർട്ടി (Academia Albertina di Bella Arti), ഗാലറിയദ് ആർട് മോഡേണ (Galeriad Arte Moderna) തുടങ്ങിയവ ട്യൂറിനിലെ പ്രധാന മ്യൂസിയങ്ങളാണ്.

ടൂറിനിലെ ചാപൽ ഒഫ് ദ് ഹോളി ഷ്റൗഡ് (Chapel of the Holy Shroud) ലോക പ്രശസ്തമാണ്. ക്രിസ്തുദേവന്റെ ശരീരം മൂടിപ്പൊതിഞ്ഞിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പുരാതന മണിമാളികയോടുകൂടിയ കൺസൊലാറ്റ, ഗോഥിക് സാൻഡൊമിനികോ, നവോത്ഥാന കാലത്ത് പ്രഥമ സ്ഥാനത്തായിരുന്ന സാൻ ഗിയോവനി ബാറ്റിസ്ത, സാൻ മാസീനോ, ഗ്രാൻ മാഡ്രെ ദി ദിയോ, സാവോയ് വംശജരെ അടക്കം ചെയ്തിരുന്ന ബസിലിക്ക ഓഫ് സുപർഗ എന്നിവയാണ് ഇവിടത്തെ പ്രധാന ക്രിസ്തീയ ദേവാലയങ്ങൾ.

ടൂറിൻ സർവകലാശാല (1404)യുടെ ആസ്ഥാനമാണ് ടൂറിൻ. ബിബ്ലിയോടെക്ക നാസിയോണേലും (Biblioteca Naziionale 1720) ബിബ്ലിയോടെക്ക സിവിക്കയും (Biblioteca Civica 1869) ആണ് മറ്റു പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പിയാസ കാസ്റ്റെലോ (Piazza Castello), പിയാസ സാൻ കാർലോ (Lungo Po). ലൂങോ പോ (Parco del Valentino), പാർസോ ദൽ വാലന്റിനോ (Parco del Valentino) മോൺട് ദെ കപ്പൂസിനി (Cappucini) തുടങ്ങിയവ ഇവിടെത്തെ പ്രധാന പാർക്കുകളാണ്. ഓരോ വർഷവും ധാരാളം മേളകൾ ടൂറിനിൽ അരങ്ങേറുന്നുണ്ട്. ഇതിൽ അന്താരാഷ്ട്ര മോട്ടോർ പ്രദർശനത്തിനാണ് പ്രഥമ സ്ഥാനം. ഇറ്റലിയിലെ 4 സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്ന് ടൂറിനിൽ പ്രവർത്തിക്കുന്നു. ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെയുണ്ട്. നഗരത്തിലെ ട്രാംറെയിൽ ശൃംഖലയ്ക്ക് 119 കി.മീ.ദൈർഘ്യമുണ്ട്.

സാഹിത്യ രംഗത്ത്

[തിരുത്തുക]

സാഹിത്യരംഗത്തെ നിരവധി പ്രതിഭകളുടെ ജന്മ ദേശവും പ്രവർത്തനയിടവുമായിരുന്നു ടൂറിൻ. ഇറ്റാലോ കാൽവിനോ, പ്രിമോ ലെവി തുടങ്ങി നിരവധി എഴുത്തുകാർ ഠൂറിൻ കേന്ദ്രമാക്കി പ്രവർത്തിച്ചു.

അവലംബം

[തിരുത്തുക]
  1. ‘City’ population (i.e. that of the comune or municipality) from demographic balance: January–April 2009, ISTAT.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രജാലകം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂറിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂറിൻ&oldid=4018277" എന്ന താളിൽനിന്ന് ശേഖരിച്ചത്