Jump to content

പ്ലേറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plato എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലാതൊൻ (Πλάτων)
കാലഘട്ടംപൗരാണിക തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരപ്ലേറ്റോണിസം
പ്രധാന താത്പര്യങ്ങൾപ്രസംഗവിദ്യ, കല, സാഹിത്യം, എപ്പിസ്റ്റെമോളജി, നീതി, നന്മ, രാഷ്ട്രമീമാംസ, വിദ്യാഭ്യാസം, കുടുംബം, മിലിട്ടറിസം
ശ്രദ്ധേയമായ ആശയങ്ങൾപ്ലേറ്റോണിക യാഥാർ‍ഥ്യവാദം

പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്നു പ്ലാതൊൻ (യൂനാനി-Πλάτων)(ക്രി.മു. 427-347). പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ സോക്രട്ടീസിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ അരിസ്റ്റോട്ടിലിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. സോക്രട്ടീസിന്റെ വ്യക്തിത്വത്തേയും ചിന്തകളേയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് മിക്കവാറും ഏകമാത്ര അവലംബം പ്ലാതൊനിന്റെ രചനകളാണ്.

ജനനം, പഠനം, പ്രവാസം

[തിരുത്തുക]

ഗ്രീസിലെ അഥൻസിലായിരുന്നു ജനനം. മാതാപിതാക്കൾ സമ്പത്തും സ്വാധീനവുമുള്ളവരായിരുന്നു. അച്ഛൻ അരിസ്തൊൻ പ്ലാതൊനിൻ ബാല്യത്തിൽ തന്നെ മരിച്ചതിനെത്തുടർന്ന് അമ്മ പെരിക്തിയോൺ വീണ്ടും വിവാഹം കഴിച്ചു. രണ്ടാം ഭർത്താവ് ആഥൻസിലെ പ്രഖ്യാത രാഷ്ട്രതന്ത്രജ്ഞൻ പെരിക്കിൾസിന്റെ സുഹൃത്തായിരുന്ന പൈറിലാമ്പെസ് ആയിരുന്നു.[1] അരിസ്റ്റോക്ലീസ് എന്നായിരുന്നു പ്ലേറ്റോയ്ക്ക് ഇട്ടിരുന്ന ആദ്യത്തെ പേര്. ദൃഡമായ ശരീരപുഷ്ടിയും വിടർന്ന നെറ്റിയും ഉള്ളതിനാൽ വിശാലവക്ഷസ്സുള്ളവർ എന്ന അർത്ഥത്തിൽ പ്ലേറ്റോ എന്ന വിളിപ്പേരു ചെറുപ്പത്തിലേതന്നെ പതിഞ്ഞതായിരുന്നു. ഗ്ലൗക്കോൺ, അദിമാന്തസ് എന്നീ രണ്ടു സഹോദരന്മാരും പോട്ടോണെ എന്ന സഹോദരിയും പ്ലേറ്റോയ്ക്കുണ്ടായിരുന്നു. അമ്മയുടെ രണ്ടാം വിവാഹത്തിൽ ഉണ്ടായ സഹോദരന്റെ പേര് അന്തിഫോൺ എന്നായിരുന്നു. [2] രാഷ്ട്രീയമായി ഗ്രീക്ക് ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലായിരുന്നു പ്ലാതൊനിന്റെ ജനനം. അദ്ദേഹം ജനിക്കുമ്പോൾ പെരിക്കിൾസ് മരിച്ചിട്ട് ഒരു വർഷവും, അഥൻസിനു വലിയ നാശവും അപമാനവും വരുത്തിവച്ച പെലപ്പൊന്നേഷൻ യുദ്ധം തുടങ്ങിയിട്ട് നാലു വർഷവും ആയിരുന്നു.[൧] തന്റെ ബാല്യ-കൗമാര-യൗവനങ്ങൾ മുഴുവൻ നീണ്ടു നിന്ന യുദ്ധവും, പെരിക്കിൾസിന്റെ മരണത്തെ തുടർന്ന് അരങ്ങേറിയ എണ്ണമില്ലാത്ത രാഷ്ട്രീയ ഉപജാപങ്ങളും കണ്ടാണ് പ്ലാതൊൻ വളർന്നത്. രാഷ്ട്രീയക്കാരോട്, പ്രത്യേകിച്ച് ജനസാമാന്യത്തിന്റെ കൈയ്യടി മോഹിക്കുന്ന ജനാധിപത്യ വാദികളോടുള്ള പ്ലാതൊനിന്റെ മനോഭാവത്തെ അന്നത്തെ അനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു വിശ്വസിക്കപ്പെടുന്നു.

തത്ത്വചിന്തയുമായുള്ള ആയുഷ്കാലസൗഹൃദം അദ്ദേഹം തുടങ്ങിയത് സോക്രതീസിന്റെ ശിഷ്യൻ ആയതോടെയാണ്. ക്രി.മു. 399-ൽ സോക്രതീസ് കൊല്ലപ്പെട്ടപ്പോൾ, പ്ലാതൊൻ ആദ്യം ഈജിപ്തിലേക്കും പിന്നെ ഇറ്റലിയിലേക്കും പോയി. ഈ പ്രവാസത്തിനിടെ അദ്ദേഹം പൈത്തോഗറസിന്റെ അനുയായികളിൽ നിന്നു പഠിക്കുകയും ഇതാലിയയിലെ സൈറാക്കൂസിലെ ഭരണകുടുംബത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.

അക്കാദമി

[തിരുത്തുക]

ഒടുവിൽ പ്ലേറ്റോ ആഥൻസിൽ മടങ്ങിയെത്തി. അവിടെ അദ്ദേഹം ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. വിജ്ഞാനദേവതയായ അഥീനക്കു പ്രതിഷ്ഠിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ആ വിദ്യാലയം അക്കാദമി എന്നു വിളിക്കപ്പെട്ടു.[൨] ഇടയ്ക്ക് കടൽക്കള്ളന്മാരുടെ പിടിയിൽ പെട്ട പ്ലേറ്റോയെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കൾ മോചനദ്രവ്യം സമാഹരിച്ചെന്നും അതുകൊടുക്കാതെ തന്നെ മോചനം സാധ്യമായപ്പോൾ അതുപയോഗിച്ച് അവർ അദ്ദേഹത്തിന് വാങ്ങിക്കൊടുത്ത സ്ഥലത്താണ് അക്കാഡമി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു.[3] തന്റെ സമീപം അറിവുതേടിയെത്തുന്നവരെ, സോക്രട്ടീസ് വാദപ്രദിവാദങ്ങളുടെ വഴിയേ തത്ത്വചിന്തയിലെ ഗഹനതകളിലേക്കു നയിക്കുന്നത് കണ്ടു പരിചയിച്ചിരുന്ന പ്ലേറ്റോ, അറിവ് പകരുന്നതിനു സോക്രട്ടീസിന്റെ ആ മാർഗ്ഗം തന്നെയാണ് അക്കാദമിയിൽ പിന്തുടർന്നത്. അവിടെ പ്ലേറ്റോയുടെ ശിഷ്യന്മാരായിരുന്നവരിൽ ഏറ്റവും പ്രമുഖൻ അരിസ്റ്റോട്ടിലാണ്. പ്രശസ്തിയിലും തത്ത്വചിന്തയിന്മേലുള്ള സ്വാധീനത്തിലും പ്ലേറ്റോക്കൊപ്പം നിൽക്കുന്നതാണു് അരിസ്റ്റോട്ടിന്റെ സ്ഥാനം

കൃതികൾ

[തിരുത്തുക]

തന്റെ രചനകളിലും പ്ലേറ്റോ പിന്തുടർന്നത് അക്കാദമിയിലെ അദ്ധ്യാപനശൈലിയായ വാദപ്രതിവാദത്തിന്റെ മാർഗ്ഗമാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കൃതികളെ ഡയലോഗുകൾ (Dialogues) എന്നു വിളിക്കുന്നു. മിക്കവാറും ഡയലോഗുകളിൽ ചർച്ചയുടെ കേന്ദ്രബിന്ദു സോക്രട്ടീസ് ആണ്. പ്രധാന ആശയങ്ങളെല്ലാം തന്നെ അവതരിപ്പിക്കപ്പെടുന്നതും സോക്രട്ടീസിന്റെ പേരിലാണ്. 35 ഡയലോഗുകളും 13 കത്തുകളും (Epistles) അടങ്ങുന്നതാണ് പ്ലേറ്റോയുടെ കൃതികൾ. ഇതിൽ ചിലതിന്റെ ആധികാരികത ആധുനിക കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.[2] കൃതികൽ ഒന്നും തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയോ അവയ്ക്ക് പ്രത്യേക ക്രമമോ ഉണ്ടായിരുന്നില്ല. ഇന്നു പ്ലേറ്റോയുടെ കൃതികളായി കാണുന്നവയൊന്നും തന്നെ പ്ലേറ്റോയുടെ കാലത്തെ മൂലാധാരമാക്കിയുള്ളവയല്ല. ഒന്നും തന്നെ അക്കാലത്തെ കയി എഴുത്തു പ്രതികളായും ലഭിച്ചിരുന്നില്ല. സി. ഇ. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്റ്റിലെ വ്യാകരണ/സാഹിത്യ പണ്ഡിതനായ മെൻഡസിലെ ത്രാസിലസ് (Thrasyllus of Mendes) പ്ലേറ്റോയുടെ രചനകളെ ഗ്രീക്ക് ഭാഷയിലേക്ക് തർജ്ജിമ ചെയ്ത് പുസ്തകരൂപത്തിൽ ആക്കിയിരുന്നു. ഈ പുസ്തകങ്ങൾ ഇന്നു നിലവിലില്ലെങ്കിലും ഇവയെ ആധാരമാക്കി, 9 - 13 നൂറ്റാണ്ടുകൾക്കിടയിൽ മധ്യകാലത്ത് നിരവധി കൈയ്യെഴുത്ത് പ്രതികൾ ഉണ്ടായിരുന്നു. ഇവയാണ് ഇന്ന് പ്ലേറ്റോയുടെ രചനകളുടെ മുഖ്യ സ്രോതസ്സായി എടുക്കുന്നത്.[2] 1578 ഇൽ ഹെൻട്രി എത്തിഞ് (Henri Etienne) മൂന്നു വാല്യങ്ങളിലായി ഗ്രീക്ക് മൂലവും ഷാങ് ദ് സെറസിന്റെ (Jean de Serres) ലത്തീൻ പരിഭാഷയുമായി പ്ലേറ്റോയുടെ സമ്പൂർണ കൃതികൾ അച്ചടിച്ചിരുന്നു. പ്ലേറ്റോയുടെ കൃതികളെ ആദ്യകാലം, മധ്യകാലം, പിൽക്കാലം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

ആദ്യകാലരചനകൾ

[തിരുത്തുക]

അസാമാന്യപ്രതിഭയുള്ള ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്ലേറ്റോ, സോക്രട്ടീസിനെ വെറുതേ പകർത്തിക്കാട്ടുക മാത്രമാണ് ചെയ്തതെന്നു ആരും തന്നെ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങൾ സോക്രട്ടീസിന്റെ പഠനങ്ങളോട് മിക്കവാറും ഒത്തുപോകുന്നവയായിരിക്കണമെന്നു കരുതപ്പെടുന്നു. ഇവയിൽ യൂത്തിഫ്രോ (Euthyphro) എന്ന ഡയലോഗ്, മനുഷ്യകർമ്മങ്ങളുടെ ശരാശരികളെക്കുറിച്ചും വിശുദ്ധിയുടെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ്. ദൈവങ്ങളെ ബഹുമാനിക്കായ്ക, യുവജനങ്ങളെ വഴിപിഴപ്പിക്കുക എന്നീ ആരോപണങ്ങൾക്കു വിചാരണചെയ്യപ്പെട്ട സോക്രട്ടീസ്, അഥൻസിലെ ന്യായാസനത്തിനു മുൻപിൽ മറുപടി പറയുന്നതാണ് അപ്പോളജിയിൽ (Apology) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാന്വേഷിയുടെ ജീവിതവീക്ഷണമാണ് അതിൽ അവതരിക്കപ്പെടുന്നത്. മരണത്തിനു വിധിക്കപ്പെട്ട ശേഷം, വിധിനടപ്പാക്കുന്നത് കാത്ത് തടവിൽ കഴിയുന്ന സോക്രട്ടീസ്, തന്നെ സന്ദർശിക്കുന്ന സുഹൃത്തുക്കളും ശിഷ്യന്മാരുമായി നടത്തുന്ന സംഭാഷണമാണ് ക്രിറ്റോ(Crito). തടവിൽ നിന്നു രക്ഷപെടാനുള്ള അവരുടെ ഉപദേശം സോക്രട്ടീസ് നിരസിച്ചു. ആ പശ്ചാത്തലത്തിൽ പൗരൻ രാഷ്ട്രനിയമങ്ങൾ ലംഘിക്കുന്നത് ശരിയോ എന്ന വിഷയം ആ കൃതി ചർച്ച ചെയ്യുന്നു.

മദ്ധ്യകാലരചനകൾ

[തിരുത്തുക]

പിന്നീടെഴുതിയ കൃതികളിൽ പ്ലേറ്റോ സോക്രട്ടീസിന്റേതായി അവതരിപ്പിക്കുന്ന ആശയങ്ങളിൽ പലതും പ്ലേറ്റോയുടെ തന്നെ ചിന്തയുടെ ഫലങ്ങളായിരിക്കണം എന്നു പറയപ്പെടുന്നു. ഇവയിൽ ഇടക്കാലത്തെ സൃഷ്ടിയായ മെനോയിൽ(Meno)ആരും അറിഞ്ഞുകൊണ്ട് തിന്മ ചെയ്യുന്നില്ല എന്ന സോക്രട്ടീസിന്റെ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, നന്മ പരിശീലനം കൊണ്ട് ശീലിക്കാവുന്നതാണോ എന്നു തുടങ്ങിയ ചോദ്യങ്ങൾ പരിഗണിക്കപ്പെടുന്നു. ഫേദോയുടെ (Phaedo) പശ്ചാത്തലം സോക്രട്ടീസിന്റെ മരണത്തിനു തൊട്ടുമുൻപുള്ള സമയമാണ്. പ്ലേറ്റോയുടെ പ്രഖ്യാതമായ മാതൃകകളുടെ സിദ്ധാന്തം(Theory of Forms)[൩] , ആത്മാക്കളുടെ അമർത്യത എന്നിവയും ഫേദോയിൽ ചർച്ചചെയ്യപ്പെടുന്നു. സോക്രട്ടീസിന്റെ മരണവും ഇതിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. സുഹൃത്തായ ക്രിറ്റോയോട്, അസ്ക്ലേപ്പിയസ് ദേവന് തനിക്കു വേണ്ടി ഒരു കോഴി കാഴചവക്കണമെന്ന അഭ്യർഥനയായിരുന്നു സോക്രട്ടീസിന്റെ അന്ത്യവചനങ്ങൾ. [4] പ്ലേറ്റോ ഇക്കാലത്തെഴുതിയ സിമ്പോസിയം എന്ന ഡയലോഗിന്റെ വിഷയം പ്രേമം അടക്കമുള്ള മനുഷ്യവികാരങ്ങളാണ്.[5] [6]

റിപ്പബ്ലിക്ക്

[തിരുത്തുക]

പ്ലേറ്റോയുടെ മദ്ധ്യകാലരചനകളിൽ ഒന്നാണെങ്കിലും മനുഷ്യചിന്തയിന്മേൽ അത് ചെലുത്തിയ സ്വാധീനം കണക്കെലിടുക്കുമ്പോൾ പ്രത്യേകം പരിഗണിക്കപ്പെടേണ്ട കൃതിയാണ് റിപ്പബ്ലിക്ക്(ഗണതന്ത്രം). ഇത് പ്ലേറ്റോയുടെ മുഖ്യകൃതിയായി അറിയപ്പെടുന്നു. പൊതുവേ പറഞ്ഞാൽ ഇതിലെ ചർച്ചാവിഷയം 'നീതി' (Justice)ആണ്. നീതി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് എന്ന ചോദ്യത്തിൽ തുടങ്ങുന്ന ചർച്ച പിന്നെ ജ്ഞാനം(wisdom), ധൈര്യം(courage), പാകത(moderation) എന്നീ ഗുണങ്ങളെ സ്പർശിക്കുക്കയും ആ ഗുണങ്ങൾ വ്യക്തിയിലും സമൂഹത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ ഗുഹയിൽ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യജീവികളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന പ്രസിദ്ധമായ ഗുഹയുടെ അന്യാപദേശം (Allegory of the Cave) പ്രത്യക്ഷപ്പെടുന്നത് ഈ കൃതിയിലാണ്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡം എന്നു പോലും ഗുഹയുടെ അന്യാപദേശം വിശേഷിക്കപ്പെട്ടിട്ടുണ്ട്. [7]ഗുഹക്കുള്ളിൽ അതിന്റെ ഇടുങ്ങിയ പ്രവേശനദ്വാരത്തിനു പുറംതിരി‍ഞ്ഞുനിൽക്കുന്ന മനുഷ്യർ, അരണ്ട വെളിച്ചം ഗുഹാഭിത്തിയിൽ തീർക്കുന്ന നിഴലുകളെ യാഥാർഥ്യങ്ങളായി തെറ്റിദ്ധരിച്ച് ആയുസു പാഴാക്കുന്നു. വ്യക്തിയെ അജ്ഞതയുടെ ഗുഹയിൽ നിന്നു രക്ഷപ്പെടുത്തി, ഗുണസുമ്പുഷ്ടമായ മാതൃകാ സമൂഹത്തിനു ചേരുംവിധം രുപപ്പെടുത്തിയെടുക്കാൻ പറ്റിയ വിദ്യാഭ്യാസപദ്ധതി എന്താണ് എന്നത് ഈ പശ്ചാത്തലത്തിൽ വിശദമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ കൃതിയുടെ അവസാനഭാഗം നീതിനിഷ്ഠമായ മാതൃകാഭരണകൂടം ഏത് എന്ന അന്വേഷണമാണ്. വിവിധതരം ഏകാധിപത്യങ്ങളേയും, ജനാധിപത്യത്തേയും പരിഗണിച്ച് തള്ളുന്ന ഈ അന്വേഷണം, തത്ത്വജ്ഞാനിയുടെ ഭരണമാണ് ഏറ്റവും അഭികാമ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. തത്ത്വജ്ഞാനിയുടെ ഭരണത്തിൽ മാത്രം രാഷ്ട്രത്തിൽ നീതിപുലരുമെന്നതുപോലെ ആശകളേയും വികാരങ്ങളേയും ബുദ്ധിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ വ്യക്തിയുടെ നീതിനിഷ്ഠയും ഉറപ്പാക്കാം എന്നും ഇതിൽ വാദിച്ചു സ്ഥാപിക്കുന്നുണ്ട്.


ഗഹനമായ ആശയങ്ങൾക്കും കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങൾക്കുമൊപ്പം മൂർച്ചയുള്ള ഫലിതവും നിറഞ്ഞ കൃതിയാണ് റിപ്പബ്ലിക്ക്. ഒരിടത്ത് ജനാധിപത്യത്തെ പരിഹസിച്ചിരിക്കുന്നത് ഇങ്ങനെയാണ്:-

ജനാധിപത്യത്തിൽ വളർത്തുമൃഗങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നിങ്ങൾ കണ്ടറിയുക തന്നെ വേണം. പട്ടിയുടെ സ്ഥാനം അതിന്റെ യജമാനത്തിയുടേതിനു സമമാകുന്നു. കുതിരയുടേയും കഴുതയുടേയും കാര്യവും അങ്ങനെ തന്നെ. പെരുവഴികളിൽ സർ‌വസ്വതന്ത്രരായി നടന്നുനീങ്ങുകയും വഴിമാറിക്കൊടുക്കാത്തവരെ ഇടിച്ചുവീഴ്ത്തുകയും ചെയ്യുകയെന്നത് അവർ പതിവാക്കുന്നു. എവിടേയും സ്വാതന്ത്ര്യബോധം കൊടിപറത്തുന്നു. [8]

പിൽക്കാലരചനകൾ

[തിരുത്തുക]

പ്ലേറ്റോ ഒടുവിൽ എഴുതിയ കൃതികളിൽ ഡയലോഗിന്റെ പുറംചട്ട മിക്കവാറും ഉപേക്ഷിച്ചമട്ടാണ്. മുൻകൃതികളിൽ പരാമർശിക്കപ്പെട്ട പല ആശയങ്ങളുടേയും പുനർപരിഗണനയാണ് ഇവയിൽ. രാഷ്ട്രമീമാസയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന നിയമങ്ങൾ(Laws) എന്ന കൃതിയും ഇവയിൽ ഉൾപ്പെടുന്നു. അത് പൂർത്തിയാക്കപ്പെടാത്തതാണ്.

പ്ലേറ്റോയുടെ ജീവിതാന്ത്യം ചരിത്രകാരനായ വിൽ ഡുറാന്റ് തത്ത്വചിന്തയുടെ കഥ എന്ന പ്രഖ്യാതഗ്രന്ഥത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-

പ്ലേറ്റോയും അരിസ്റ്റോട്ടിലും

[തിരുത്തുക]
അക്കാദമിയിൽ സം‌വാദത്തിലേർപ്പെട്ടിരിക്കുന്ന പ്ലേറ്റോയും അരിസ്റ്റോട്ടിലും, നവോത്ഥാനചിത്രകാരൻ റഫേലിന്റെ ഭാവനയിൽ

പ്ലേറ്റോയുടെ ഏറ്റവും പ്രമുഖ ശിഷ്യനായിരുന്ന അരിസ്റ്റോട്ടിൽ പല കാര്യങ്ങളിലും പ്ലേറ്റോയുമായി വിയോജിപ്പിലായിരുന്നു. മാതൃകകളുടെ സിദ്ധാന്തം(Theory of forms) തുടങ്ങി പ്ലേറ്റോയുടെ തത്ത്വചിന്തയിലെ പല മൗലിക ആശയങ്ങളേയും അരിസ്റ്റോട്ടിൽ നിരാകരിച്ചു. തീരെ ലളിതവത്കരിച്ചതെന്നു പറയാവുന്ന താരതമ്യത്തിൽ, പ്ലേറ്റോ ആശയവാദിയും അരിസ്റ്റോട്ടിൽ യാഥാർഥ്യവാദിയും ആയിരുന്നു എന്ന് പറയാറുണ്ട്. അക്കാദമിയിൽ പ്ലേറ്റോയും അരിസ്റ്റോട്ടിലും സം‌വാദത്തിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിക്കുന്ന നവോത്ഥാനചിത്രകാരൻ റഫേലിന്റെ ചിത്രം പ്രസിദ്ധമാണ്. [10] ഇരുവരുടേയും അംഗവിക്ഷേപങ്ങൾ അവരുടെ നിലപാടുകളിലെ വ്യത്യാസം വെളിപ്പെടുത്തുന്നു. ആശയവാദിയായ ഗുരു മുകളിലേക്കു വിരൽ ചൂണ്ടിയിരിക്കുമ്പോൾ, യാഥാർത്ഥ്യവാദിയായ അരിസ്റ്റോട്ടിൽ വലംകൈപ്പത്തി ഭൂമിക്കു സമാന്തരമാക്കി നിർത്തിയിരിക്കുന്നു.

വിമർശനം, വിലയിരുത്തൽ

[തിരുത്തുക]

ജനാധിപത്യത്തിനെതിരെയുള്ള പ്ലേറ്റോയുടെ നിലപാട് പ്രസിദ്ധമാണ്. ആധുനികകാലത്ത് പ്ലേറ്റോ ഏറ്റവുമേറെ വിമർശിക്കപ്പെട്ടിട്ടുള്ളതും അതിന്റെ പേരിലാണ്. ഇത്തരം വിമർശനങ്ങളിൽ ഏറ്റവും മൗലികവും നിശിതവുമായത് ബ്രിട്ടീഷ് തത്ത്വചിന്തകൻ കാൾ പോപ്പർ (1902-1994) 1945-ൽ പ്രസിദ്ധീകരിച്ച തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും (Open Society and Its Enemies) എന്ന പുസ്തകത്തിൽ നടത്തിയതാണ്.[11] പ്ലേറ്റോയുടെ സങ്കല്പത്തിലെ രാഷ്ട്രം, പ്രയോഗത്തിൽ, നുണപ്രചരണത്തിന്റേയും മൃഗീയശക്തിയുടേയും അടിത്തറയിൽ നിലനിൽക്കുന്ന ആധുനിക സ്വേച്ഛാധിപത്യങ്ങളെപ്പോലെയായിരിക്കുമെന്നാണ്, യൂറോപ്പിനെ ഗ്രസിച്ച നാസി ഭീകരതയുടെ പശ്ചാത്തലത്തിൽ എഴുതിയ ആ കൃതിയിൽ പോപ്പർ പറഞ്ഞത്. പ്ലേറ്റോയുടെ ധിഷണയുടെ പ്രഭാവത്തിൽ മയങ്ങി, എല്ലാക്കാലത്തേയും വ്യാഖ്യാതാക്കൾ, അദ്ദേഹം വിഭാവനം ചെയ്ത സമൂഹത്തിന്റെ ബീഭത്സത തിരിച്ചറിയാതെ പോയി എന്നും പോപ്പർ കുറ്റപ്പെടുത്തി.


സോക്രട്ടീസ് പ്രധാനപങ്കാളിയായിരുന്ന ആശയസം‌വാദങ്ങളുടെ ചിത്രീകരണം എന്ന മട്ടിലാണ് പ്ലേറ്റോയുടെ ഡയലോഗുകളെല്ലാം തന്നെ എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ പ്ലേറ്റോയുടെ പേന വരച്ചുകാട്ടുന്ന സോക്രട്ടീസിനെ പരിചയപ്പെട്ടവരെയൊക്കെ കുഴക്കുന്ന പ്രശ്നം ആ ചിത്രീകരണം ഏതളവോളം ചരിത്രത്തിലെ സോക്രട്ടീസിന്റെ ആശയങ്ങളോടും വ്യക്തിത്ത്വത്തോടു തന്നെയും നീതിപുലർത്തുന്നുണ്ടെന്നതാണ്. സ്വേച്ഛാധിപത്യത്തെ പിന്തുണച്ച്, സോക്രട്ടീസിന്റേതെന്ന മട്ടിൽ പ്ലേറ്റോ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സോക്രട്ടീസിന്റേതായിരിക്കാൻ വഴിയില്ലെന്ന് പോപ്പർ പറയുന്നുണ്ട്. ഇതേക്കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാത തത്ത്വചിന്തകൻ ബെർട്രാൻഡ് റസ്സൽ നടത്തിയിട്ടുണ്ട്.

തന്റെ ചിത്രീകരണത്തിലെ സോക്രട്ടീസ്, ഏതളവുവരെ ചരിത്രത്തിലെ സോക്രട്ടീസായിരിക്കാൻ പ്ലേറ്റോ അനുവദിച്ചുവെന്നോ, ഏതളവുവരെ ഡയലോഗുകളിൽ പ്രത്യക്ഷപ്പെടുന്നത്, പ്ലേറ്റോയുടെ അഭിപ്രായങ്ങൾ ഏറ്റുപറയുന്ന സോക്രട്ടീസ് എന്നു പേരുള്ള കഥാപാത്രം മാത്രമാണെന്നോ വ്യക്തമല്ല. പ്ലേറ്റോ തത്ത്വചിന്തകനെന്നതിനപ്പുറം അസാമാന്യമാംവിധം ഭാവനാശാലിയായ ഒരെഴുത്തുകാരൻ കൂടിയായിരുന്നു. പ്ലേറ്റോയുടെ കല്പനാചാതുര്യമാണ് ഒരു ചരിത്രകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വസനീയതയിൽ നിഴൽ വീഴ്ത്തുന്നത്. അദ്ദേഹത്തിന്റെ സോക്രട്ടീസ് യുക്തിഭംഗങ്ങളൊന്നുമില്ലാതെ,അസാമാന്യമാംവിധം ആകർഷണീയത കാട്ടുന്ന ഒരു വ്യക്തിത്വമാണ്. അത്തരമൊരു വ്യക്തിത്വം സങ്കല്പിച്ചെടുക്കുകയെന്നത് മിക്കവാറും മനുഷ്യരുടെ കഴിവിനപ്പുറമാണ്. പക്ഷേ പ്ലേറ്റോയ്ക്ക് അതിനുള്ള കഴിവുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. പ്ലേറ്റോ ആ കഴിവ് ഉപയോഗിച്ചോ എന്നത് മറ്റൊരു ചോദ്യമാണ്[12]

കുറിപ്പുകൾ

[തിരുത്തുക]

^ ആ യുദ്ധം പ്ലാതൊനിന്റെ ഇരുപത്തിമൂന്നാം വയസ്സുവരെ നീണ്ടുനിന്നു.

^ ഏതാണ്ട് ഒരു സഹസ്രാബ്ദക്കാലത്തിനടുത്ത് പ്രവർത്തനനിരതമായിരുന്ന അക്കാദമി നിർത്തലാക്കപ്പെട്ടത്, ക്രി.വ. 529-ൽ റോമാ ചക്രവർത്തി ജസ്തിനിയന്റെ ഉത്തരവിൻ പ്രകാരമാണ്.

^ ഈ പദാർത്ഥപ്രപഞ്ചത്തിനപ്പുറം പദാർത്ഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാർത്ഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂർണമായ മാതൃകകളുടെ നിഴലുകൾ മാത്രമാണെന്നുമാണ് മാതൃകകളുടെ സിദ്ധാന്തത്തിന്റെ ചുരുക്കം.

അവലംബം

[തിരുത്തുക]
  1. പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ പെൻ‌ഗ്വിൻ ഇംഗ്ലീഷ് പതിപ്പിന് പരിഭാഷകൻ ഡെസ്മോണ്ട് ലീ എഴുതിയ ആമുഖം
  2. 2.0 2.1 2.2 Published:2021, ഡോ: പി. കെ. രാജശേഖരൻ (ed.). പാശ്ചാത്യ സാഹിത്യസിദ്ധാന്തം. കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല.{{cite book}}: CS1 maint: numeric names: editors list (link)
  3. The ancient Greeks, Dr. C.George Boeree - http://webspace.ship.edu/cgboer/athenians.html
  4. "Crito, we ought to offer a cock to Asclepius. See to it and don't forget." Phaedo - സൊക്രട്ടീസിന്റെ അന്ത്യദിനങ്ങൾ എന്ന പേരിൽ പെൻ‌ഗ്വിൻ പ്രസിദ്ധീകരിച്ച പ്ലേറ്റോയുടെ നാലു ഡയലോഗുകളുടെ സമാഹാരത്തിൽ നിന്ന്. (രോഗശാന്തിയുടെ ദേവനായിരുന്ന അസ്ക്ലേപ്പിയസിനുള്ള ഈ കാഴ്ചവയ്പ്പിന്റെ അർത്ഥം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്)
  5. സിമ്പോസിയത്തിന്റെ പെൻ‌‌ഗ്വിൻ പതിപ്പ്
  6. Plato - Philosophy Pages - http://www.philosophypages.com/ph/plat.htm
  7. World civilizations, Greek Philosophy, Plato - http://www.wsu.edu/~dee/GREECE/PLATO.HTM Archived 2008-03-03 at the Wayback Machine.
  8. റിപ്പബ്ലിക്ക് ഒൻപതാം ഭാഗം, എട്ടാം അദ്ധ്യായത്തിൽ നിന്ന് - പെൻ‌ഗ്വിൻ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ച് - പരിഭാഷകൻ ഡെസ്മോണ്ട് ലീ
  9. വിൽ ഡുറാന്റ്, തത്ത്വചിന്തയുടെ കഥ - പുറം 40
  10. http://en.wikipedia.org/wiki/Image:Sanzio_01.jpg
  11. Open Society and Its Enemies(Vol.I)- Internet Archive http://www.archive.org/stream/opensocietyandit033120mbp/opensocietyandit033120mbp_djvu.txt
  12. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, സോക്രട്ടീസ്(അദ്ധ്യായം 11)
"https://ml.wikipedia.org/w/index.php?title=പ്ലേറ്റോ&oldid=3709722" എന്ന താളിൽനിന്ന് ശേഖരിച്ചത്