Jump to content

വില്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്
വില്ല്

വലിച്ചു കെട്ടുന്ന ഞാണിന്റെ ഇലസ്തികതയെ ഉപയോഗിച്ച് അമ്പുകൾ അയക്കാനുള്ള ഉപകരണമാണ്‌ വില്ല്. വൃത്തചാപത്തിനോടടുത്ത ആകൃതിയുള്ള ഇലാസ്തികതയുള്ള ഒരു പാത്തിയും അതിന്റെ രണ്ടറ്റങ്ങളിലുമായി വലിച്ചു കെട്ടിയ ഞാണുമാണ്‌ വില്ലിനുള്ളത്.

ആയോധകൻ അമ്പ് ഞാണിൽ വെച്ച് പുറകോട്ട് വലിക്കുമ്പോൾ വില്ല് ജൃംഭിതമാകുന്നു, വില്ലിന്റെ പാത്തിയിൽ ഊർജ്ജം സംഭരിക്കപ്പെടുന്നു. ഈ അവസ്ഥയിൽ ഞാണിലെ പിടി പെട്ടെന്ന് വിടുമ്പോൾ പാത്തി പൊടുന്നനെ നിവരുകയും തന്മൂലം അതേ വേഗതയിൽ ഞാൺ അതിവേഗത്തിൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വില്ലിൽ സംഭൃതമായിരിക്കുന്ന ഊർജ്ജം അമ്പിലേക്ക് സംക്രമിക്കപ്പെടുന്നു. തുടർന്ന് അമ്പ് മുന്നോട്ട് കുതിച്ച് ലക്ഷ്യത്തെ ഭേദിക്കുന്നു.

മനുഷ്യർ ആഹാരസമ്പാദനത്തിനായി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയപ്പോഴാണ് അമ്പും വില്ലും ഉണ്ടാക്കി ഉപയോഗിക്കാൻ തുടങ്ങുന്നത്. ഉളികളും മറ്റു ആയുധങ്ങളും ദൂരെ നിന്നും ഒളിഞ്ഞിരുന്നും മൃഗങ്ങളുടെ നേരെ പ്രയോഗിക്കുകയെന്നത് ഇങ്ങനെ സാദ്ധ്യമായി. തുടർന്ന് പിൽക്കാലത്ത് ഇത് അവർക്കു തമ്മിൽത്തന്നെ ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള ആയുധമായും മാറി.

ലോകത്തിലെ എല്ലാ പുരാണങ്ങളിലും അമ്പും വില്ലുമുപയോഗിച്ചുള്ള യുദ്ധങ്ങളെ പറ്റി പരാമർശമുണ്ട്. വെടിമരുന്നും തോക്കും സാർവ്വത്രികമാകുന്നതു വരെ ഇതു തന്നെയായിരുന്നു ഒരു പ്രധാന യുദ്ധോപകരണം. പതിനാറാം നൂറ്റണ്ടിൽ കേരളത്തിലെ നാട്ടുരാജാക്കന്മാർ യൂറോപ്യന്മാരുമായി നടത്തിയ യുദ്ധങ്ങളിലൊക്കെയും ഈ ആയുധം ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശി സമരങ്ങളിൽ കുറിച്ച്യപ്പട പ്രധാനമായും ആശ്രയിച്ചിരുന്നത് വില്ലും അമ്പും ഉപയോഗിച്ചുള്ള സമരത്തെത്ത‍ന്നെയായിരുന്നു.

വർത്തമാനയുഗത്തിലാണെങ്കിൽ കാടുകളിൽ താമസിക്കുന്ന ആദിവാസികൾ ഇതുപയോഗിച്ച് ഇന്നും നായാട്ട് നടത്തുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=വില്ല്&oldid=1944590" എന്ന താളിൽനിന്ന് ശേഖരിച്ചത്