Jump to content

കർത്താർപൂർ ഇടനാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർത്താർപൂർ ഇടനാഴി
ഗുരു നാനാക്കിന്റെ സമാധി സ്ഥിലമായ ഗുരുദ്വാര ദർബാർ സാഹിബ്
Locations of the Kartarpur Corridor
ഭൂസ്ഥാനംNarowal District, Kartarpur, Punjab, Pakistan
Gurdaspur district, Punjab, India
രാജ്യംപാകിസ്താൻ ഇന്ത്യ
സ്ഥാപിച്ച തീയതി28 നവംബർ 2018 (2018-11-28)
നിലവിലെ നിലUnder construction
The art- installation at Indian side of Kartarpur Corridor , Dera Baba Nanak
Entrance of the Kartarpur Sahib Corridor (or Nanak Marg) from Dera Baba Nanak side of Indian border


പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, അതിർത്തിയോട് തന്നെ ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കർതാർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർത്ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതൽ. [1]

ചരിത്രം

[തിരുത്തുക]

സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് തന്റെ ജീവിതത്തിന്റെ അവസാനത്തെ 18 വർഷങ്ങൾ ജീവിച്ചത് ഇന്നത്തെ പാകിസ്താനിലെ കർത്താർപൂർ ഗ്രാമത്തിലാണ്. 1539 ൽ അദ്ദേഹം ജീവൻ വെടിഞ്ഞതും കർതാർപൂറിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ സമാധി സ്ഥിതി ചെയ്യുന്നെന്ന് വിശ്വസിക്കപ്പെടുന്ന ഗുരുദ്വാര ദർബാർ സാഹിബ് ഇവിടെയാണുള്ളത്. രണ്ടരക്കോടിയോളം വരുന്ന സിഖ് വിശ്വാസികൾക്ക് അതീവ പ്രാധാന്യമുള്ള പുണ്യകേന്ദ്രം കൂടിയാണ് നാനാക്ക് സ്ഥാപിച്ച കർതാർപൂർ ഗുരുദ്വാര.

ഇന്ത്യയും പാകിസ്താനും പങ്കിടുന്ന രാജ്യാന്തര അതിർത്തിയിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം ദൂരെ മാറിയാണ് കർതാർപൂർ. പാകിസ്താനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഹോറിൽ നിന്ന് 120 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കർതാർപൂറിലേക്ക് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സിഖ് മതവിശ്വാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം തന്നെ പലപ്പോഴും നിഷേധിക്കപ്പെടുകയോ തീർഥാടനം വളരെ സങ്കീർണതകൾ നിറഞ്ഞതായി മാറുകയോ ചെയ്തിരുന്നു.

ഇന്ത്യൻ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരു ദ്വാരയിൽ നിന്ന് ദൂരദർശനി വച്ച് നാല് കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ സമാധിസ്ഥലം ദർശിച്ച് വരികയായിരുന്നു ഇതുവരെ ഇവിടത്തെ സിഖ് വിശ്വാസികൾ. [2]

തീർത്ഥാടനം

[തിരുത്തുക]

ഇന്ത്യാ-പാക് ചർച്ചയെ തുടർന്ന്, പ്രതിദിനം 5000 ഇന്ത്യക്കാർക്ക് വിസയില്ലാതെ കർത്താർപൂർ ഗുരുദ്വാരയിൽ പോകാനാൻ വഴിയൊരുങ്ങിയിട്ടുണ്ട്. പാസ്പോർട്ടുള്ളവർക്കും ഇന്ത്യൻ ഓവർസീസ് പൗരത്വ കാർഡുള്ളവർക്കും വിസയില്ലാതെ ഇടനാഴി വഴി ഗുരുദ്വാര സന്ദർശിക്കാം എന്നതാണ് പ്രധാന നേട്ടം.

അനുബന്ധ വികസന പദ്ധതികൾ

[തിരുത്തുക]

സുൽത്താൻപൂർ ലോധി വികസനം

[തിരുത്തുക]

ശ്രീ ഗുരുനാനാക്കിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്ര നഗരമായ സുൽത്താൻപൂർ ലോധിയെ സ്മാർട്ട് സിറ്റി തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പൈതൃക നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി.

തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പ്രധാന ആകർഷണമായി ശ്രീ ഗുരുനാനാക്ക് ദേവ്ജിയുടെ ജീവിതത്തെയും കാലത്തേയും കുറിച്ച് വ്യക്തമാക്കുന്ന 'പിൻഡ് ബഡേ നാനാക്ക് ദാ' എന്ന പേരിൽ സുൽത്താൻപുർ ലോധിയിൽ ഒരു പൈതൃക സമുച്ചയവും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. സുൽത്താൻപൂർ റെയിൽവേ സ്‌റ്റേഷൻ എല്ലാ സൗകര്യങ്ങളോടും കൂടി ആധുനികവൽക്കരിക്കാനും തീരുമാനമായിട്ടുണ്ട്.

നാൾവഴി

[തിരുത്തുക]

1999 ൽ അന്നത്തെ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ലാഹോർ സന്ദർശനത്തോടനുബന്ധിച്ചാണ് കർതാർപൂർ ഇടനാഴി തുറക്കണം എന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയത്.

2018 ഓഗസ്റ്റിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻ ഖാന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു കർത്താർപൂർ-ഗുരുദാസ്പൂർ ഇടനാഴി. തന്റെ അതിഥിയായെത്തിയ പഞ്ചാബ് സംസ്ഥാന മന്ത്രിയും ക്രിക്കറ്റ് മൈതാനത്തെ മുൻ സഹതാരവുമായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബാജ്‌വ മുഖേനയാണ് ഇമ്രാൻ തന്റെ ആഗ്രഹം അറിയിച്ചത്.

പാകിസ്താന്റെ അധീനതയിലുള്ള പഞ്ചാബ് പ്രവിശ്യയിലെ നരോവൽ ജില്ലയിലുള്ള കർതാർപൂറിലേക്കും തിരിച്ചും പാസ്‌പോർട്ട് രഹിത, വിസ രഹിത യാത്ര എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് ഇന്ത്യൻ പ്രദേശത്ത് 2018 നവംബർ 26 ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തുടക്കം കുറിച്ചിരുന്നു. 2018 നവംബർ 28 ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് പ്രദേശത്തെ ഇടനാഴി നിർമ്മാണത്തിനും തറക്കല്ലിട്ടു.

ഫലങ്ങൾ

[തിരുത്തുക]

നാളിതുവരെ ബൈഷാഖി, ഗുരു അർജുൻ ദേവിന്റെ രക്തസാക്ഷി ദിനം, മഹാരാജാ രൺജീത് സിംഗിന്റെ ചരമ ദിനം, ഗുരുനാനാക്ക് ജയന്തി എന്നിങ്ങനെയുള്ള വിശേഷാവസരങ്ങളിൽ മാത്രമായിരുന്നു കടുത്ത നിയന്ത്രണങ്ങളോടെ കർതാർപൂറിലേക്ക് സിഖ് തീർത്ഥാടകർക്ക് യാത്ര അനുവദിച്ചിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളിലേയും രണ്ട് കിലോമീറ്റർ വീതം ഇടനാഴി വികസിപ്പിക്കുന്ന മുറയ്ക്ക് ലക്ഷക്കണക്കിന് സിഖ് തീർത്ഥാടകർക്ക് യാത്ര ഇനി ഏറെ സുഗമമായിരിക്കും. ഗുരുനാനാക്കിന്റെ ജന്മ സ്ഥലവും സ്ഥിതി ചെയ്യുന്നത് ഇന്നത്തെ പാകിസ്താനിലെ ലാഹോറിനടുത്താണ്. ഭാവിയിൽ പാക് പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിനടുത്തുള്ള ഗുരു നാനാക്കിന്റെ ജന്മസ്ഥലത്തേക്കും കൂടി വിസാ രഹിത യാത്ര അനുവദിക്കപ്പെടുകയാണെങ്കിൽ ദക്ഷിണേഷ്യയുടെ വിധ്വംസക ചരിത്രം തന്നെയാകും മാറ്റിയെഴുതപ്പെടുക.

മുസ്ലീങ്ങൾക്ക് മദീന എന്തോ അതാണ് സിഖ് മത വിശ്വാസികൾക്ക് കർതാർപൂർ. 1947 ഓഗസ്റ്റ് മുതൽ വൻ കിടങ്ങുകളാലും മുള്ളുവേലികളാലും അകറ്റപ്പെട്ട ഒരു ജനതയുടെ കൂടിച്ചേരലാണ് ഗുരുനാനാക്കിന്റെ 550ാം ജന്മ വാർഷികം സാക്ഷിയാകുക.

വിവാദങ്ങൾ, ആശങ്കകൾ

[തിരുത്തുക]

ഇന്ത്യാ പാക്ക് മഞ്ഞുരുക്കത്തിന്റെ ലക്ഷണങ്ങൾ ഈ ഇടനാഴി വരുന്ന സാഹചര്യത്തിൽ ചില ശുഭ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും ഭീകരവാദമെന്ന സമസ്യ പൂരിപ്പിക്കാത്തിടത്തോളം ഇരു രാഷ്ട്രങ്ങളുടെയുമിടയിൽ ഇടനാഴികൾ വെറും കെട്ടുകാഴ്ചകൾ മാത്രമാകും. ഭീകരവാദം അവസാനിപ്പിക്കാതെ സമാധാന ചർച്ചകൾ സാധ്യമല്ലെന്നും സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിൽ കർതാർപൂർ ഇടനാഴി വലിയ പങ്ക് വഹിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ ഹർസിമ്രത് കൗർ ബാദലും ഹർദീപ് പുരിയും ഔദ്യോഗിക അതിഥികളായി കർതാർപൂരിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇമ്രാൻ ഖാനോടൊത്ത് പങ്കെടുത്തിരുന്നു. എന്നാൽ മന്ത്രിമാരെ പരിപാടിയിലേക്ക് ഇന്ത്യക്ക് അയക്കേണ്ടി വന്നതിനെ ഇമ്രാൻ ഖാന്റെ ‘ഗൂഗ്‌ളി’യെന്ന് (ക്രിക്കറ്റിലെ അപ്രതിരോധ്യമായ പന്തുകളിലൊന്ന്) വാഴ്ത്തുകയാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചെയ്തത്. സ്വാഭാവികമായും കർത്താർപൂർ ഇടനാഴിയുടെ ഗുണഫലങ്ങൾ ഈ രാഷ്ട്രീയ പ്രസ്താവനകളിലൂടെ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ജനയുഗം [1] Archived 2018-12-02 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 18
  2. ജയ്ഹിന്ദ് ടി വി [2] ശേഖരിച്ചത് 2019 ജൂലൈ 18

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കർത്താർപൂർ_ഇടനാഴി&oldid=3741407" എന്ന താളിൽനിന്ന് ശേഖരിച്ചത്