ഉന്നതി
പൊതുവായ അർത്ഥത്തിൽ, ഒരു അടിസ്ഥാനതലത്തിൽനിന്നും ലംബമായി (മുകളിലേക്കുള്ള) അകലത്തിനെ ഉന്നതി എന്നു പറയുന്നു. ജ്യാമിതി, ഖഗോളജ്യോതിശാസ്ത്രം, വൈമാനികശാസ്ത്രം, ഭൂമിശാസ്ത്രം, കായികരംഗം തുടങ്ങിയ മേഖലകളിലെല്ലാം ഉന്നതി എന്ന പദത്തിനു് വ്യത്യസ്തമായ അർത്ഥങ്ങളുണ്ടു്. ഉന്നതിയുടെ എതിർദിശയിലുള്ള അളവാണു് ആഴം(depth).
നേരെ കീഴ്‌ദിശയിലേക്കുള്ള -90 ഡിഗ്രിയാണു് ഉന്നതിയുടെ ഏറ്റവും താഴ്ന്ന അളവു്. ഈ ദിശയെ അധോലംബബിന്ദു അഥവാ അധോലംബദിശ (നാദിർ nadir) എന്നു വിളിക്കുന്നു. ഭൗമോപരിതലത്തേയും ഭൂകേന്ദ്രിതമായ സ്ഥാനനിർണ്ണയസമ്പ്രദായങ്ങളേയും സംബന്ധിച്ചിടത്തോളം, നിരീക്ഷണസ്ഥാനത്തുനിന്നും ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദിശയിലാണു് നാദിർ.
നേരേ മുകളിലേക്കുള്ള +90 ഡിഗ്രിയാണു് ഉന്നതിയുടെ ഏറ്റവും കൂടിയ അളവു്. ഈ ദിശ ഉച്ചി, മൂർദ്ധന്യം, പരകോടി, സെനിത്ത്(zenith) എന്നെല്ലാം അറിയപ്പെടുന്നു. ഭൂകേന്ദ്രത്തിൽനിന്നും നിരീക്ഷകന്റെ ബിന്ദുവിലൂടെ നേരെ മുകളിലേക്കു പോകുന്ന ദിശയാണിതു്. വ്യത്യസ്ത ഭൂസ്ഥാനങ്ങളിൽ ഈ ദിശ വ്യത്യസ്തമായിരിക്കും.
ഭൂതലത്തിലെ ഒരു നിരീക്ഷണബിന്ദുവിൽനിന്നും തിരശ്ചീനമായ ദിശയിൽ നോക്കുമ്പോൾ ലഭിയ്ക്കുന്ന ആകാശത്തിന്റെ വൃത്താകാരത്തിലുള്ള അതിരാണു് ഖഗോളചക്രവാളം (astronomical horizon). ഖഗോളചക്രവാളത്തിന്റെ ഉന്നതി 0 ഡിഗ്രിയാണു്. (എന്നാൽ നിരീക്ഷണസ്ഥാനം ഭൂതലത്തിൽനിന്നുയരുംതോറും യഥാർത്ഥത്തിൽ ദൃശ്യമാവുന്ന ചക്രവാളപരിധി (true horizon) കീഴേക്കു് വികസിച്ചുകൊണ്ടിരിക്കും. ചിത്രം കാണുക).
ഉന്നതിയും ഉയരവും തമ്മിലുള്ള വ്യത്യാസം
[തിരുത്തുക]പലപ്പോഴും ഒരേ അളവു സൂചിപ്പിക്കാൻ ഉന്നതി എന്നും ഉയരം എന്നും മാറിമാറി പ്രയോഗിക്കുമെങ്കിലും രണ്ടു വാക്കുകൾക്കും തമ്മിൽ സൂക്ഷാർത്ഥത്തിൽ വ്യത്യാസം കൽപ്പിക്കാം. ഒരു വസ്തുവിന്റെ കേവലമായ അളവു സൂചിപ്പിക്കാൻ ഉയരം എന്നും (ഉദാ: പർവ്വതത്തിന്റെ ഉയരം, സ്തൂപികയുടെ ഉയരം) തെരഞ്ഞെടുത്ത ഒരു അടിസ്ഥാനതലത്തിൽനിന്നും ആ വസ്തുവിലെ ഏതെങ്കിലും ഒരു ബിന്ദുവിലേക്കുള്ള ദൂരത്തെ ഉന്നതി എന്നും (ഉദാ: സമുദ്രനിരപ്പിൽ നിന്നും ഒരു പർവ്വതത്തിന്റെ ഉച്ചിയിലേക്കോ പറക്കുന്ന ഒരു വിമാനത്തിലേക്കോ ഉള്ള ലംബമായ ദൂരം), സമുദ്രനിരപ്പിൽ നിന്നും ഒരു പീഠഭൂമിയുടെ തറനിരപ്പിലേക്കുള്ള ലംബമായ ദൂരം.
പ്രകടനമാതൃക
[തിരുത്തുക]ഉന്നതി എന്ന അളവു മനസ്സിലാവാൻ ഈ രീതി ഉപയോഗിക്കാം:
വടക്കോട്ടു തിരിഞ്ഞുനിൽക്കുക. വലതുകൈ തോളുയരത്തിൽ നേരേ മുമ്പിലേക്കു് (ചക്രവാളത്തിലേക്കു്) നീട്ടിപ്പിടിക്കുക. ഇപ്പോൾ വലതുകയ്യിന്റെ ചൂണ്ടുവിരലിന്റെ ഉന്നതി (തോളുയരത്തെ അപേക്ഷിച്ച്) 0 ഡിഗ്രിയാണു്. ഇനി കൈ അതേ ഉയരത്തിൽ വലതുവശത്തേക്കു് (കിഴക്കുദിശയിലേക്കു്) നീട്ടിപ്പിടിക്കുക. ഇപ്പോഴും ചൂണ്ടുവിരലിന്റെ ഉന്നതി 0 ഡിഗ്രി തന്നെ. ഇതുപോലെ, കൈ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാതെ ചക്രവാളദിശയിൽ ഏതു ദിക്കിലേക്കു ചൂണ്ടിയാലും ഉന്നതി 0 ഡിഗ്രിയായിരിക്കും. (എന്നാൽ ദിഗംശം മാറിക്കൊണ്ടിരിക്കും).
ഇനി, കൈ കണ്ണിനൊപ്പം വരുന്ന ദിശയിൽ (45 ഡിഗ്രി) മുകളിലേക്കു നീട്ടുക. ഇപ്പോൾ ഉന്നതി 45 ഡിഗ്രിയാണു്. ഇപ്രകാരം കൈ നേരെ തലയ്ക്കു മുകളിലേക്കു ചൂണ്ടുമ്പോൾ +90 ഡിഗ്രിയും കാൽച്ചുവട്ടിലേക്കു നീട്ടുമ്പോൾ -90 ഡിഗ്രിയും ആയിരിക്കും യഥാക്രമം ഉന്നതി.
ഏകകം
[തിരുത്തുക]ലംബദൂരത്തിനു പകരം കോണീയദൂരമായും ഉന്നതി അളക്കാം. ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ ഭൂമിയിലെ ഒരു സ്ഥാനത്തുനിന്നും ഒരു ഖഗോളവസ്തുവിന്റെ സ്ഥാനം സൂചിപ്പിക്കാൻ ദിഗംശം, ഉന്നതി എന്നീ രണ്ടു നിർദ്ദേശാങ്കങ്ങൾ ഉപയോഗിക്കുന്നു. ഇതനുസരിച്ച് തിരശ്ചീനമായ കോണളവ് ദിഗംശവും ലംബമായ കോണളവ് ഉന്നതിയും കാണിക്കുന്നു.