നവകാന്റിയനിസം
സമകാലീന ദാർശനിക പ്രശ്നങ്ങളുടെ അപഗ്രഥനത്തിൽ ഇമ്മാനുവൽ കാന്റിന്റെ വീക്ഷണങ്ങളെ ആധാരമാക്കുന്നതും വിമർശനാത്മക തത്ത്വചിന്തയുടെ തത്ത്വങ്ങൾ ഉപയോഗപ്പെടുത്തുന്നതുമായ ദർശനത്തെ നവകാന്റിയനിസം എന്നു പറയുന്നു.
19-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഭൗതികവാദത്തിനു സിദ്ധിച്ച വൻപ്രചാരത്തോടുള്ള പ്രതികരണമെന്നനിലയിൽ ജർമൻ തത്ത്വചിന്തകനായ എഫ്.എ.ലങെ ഹിസ്റ്ററി ഒഫ് മെറ്റീരിയലിസം ആൻഡ് ക്രിട്ടിസിസം ഒഫ് ഇറ്റ്സ് പ്രസന്റ് ഇംപോർട്ടൻസ് എന്ന കൃതിയിൽ കാന്റിലേക്ക് മടങ്ങിപ്പോവുക എന്നാഹ്വാനം ചെയ്തു. വ്യത്യസ്ത വ്യാഖ്യാതാക്കൾ കാന്റിന്റെ വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങൾക്ക് ഊന്നൽ നൽകിയതിനാൽ കാലക്രമേണ നവ-കാന്റിയനിസത്തിന്റെ രണ്ട് വ്യതിരിക്ത ശാഖകൾ രൂപംകൊള്ളുകയുണ്ടായി.
മാർബുർഗ് ശാഖ
[തിരുത്തുക]ഹെർമൻ കോഹൻ, പോൾ നാറ്റോർപ്, ഏണസ്റ്റ് കസ്സൈറർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വികാസം പ്രാപിച്ച മാർബുർഗ് വിഭാഗം വിജ്ഞാനസിദ്ധാന്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. വിജ്ഞാനത്തിന്റെ ഉറവിടം എന്ന നിലയിലുള്ള ഇന്ദ്രിയാനുഭവങ്ങളുടെ പ്രാധാന്യം ലഘൂകരിച്ചുകൊണ്ട് കോഹൻ കാന്റിയൻ വീക്ഷണത്തെ പരിഷ്കരിച്ചു. ഇന്ദ്രിയാനുഭവങ്ങൾ ചോദ്യങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ചിന്തയിലൂടെ മാത്രമേ ഇന്ദ്രിയഗോചരമായ വസ്തുവിനെയോ പ്രതിഭാസത്തെയോ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ചിന്തയുടെ വ്യത്യസ്ത ഘടകങ്ങൾ ഇപ്രകാരം അസ്തിത്വത്തിന്റെ അടിസ്ഥാനരൂപങ്ങളായി ത്തീരുന്നു.
അതിരുകവിഞ്ഞ യുക്തിവാദം, തർക്കശാസ്ത്രത്തിനും മറ്റു ശുദ്ധശാസ്ത്രങ്ങൾക്കും നൽകിയ അമിതപ്രാധാന്യം എന്നിവയായിരുന്നു മാർബുർഗ് ശാഖയുടെ ന്യൂനതകൾ. കസ്സൈറർ ഫിലോസഫി ഒഫ് സിംബോളിക് ഫോംസ് എന്ന തന്റെ കൃതിയിൽ ഈ ന്യൂനത ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.
ബാദൻ സ്കൂൾ ശാഖ
[തിരുത്തുക]ഡബ്ല്യു. വിൻഡൽബൻഡിന്റെ നേതൃത്വത്തിൽ വികാസം പ്രാപിച്ച ബാദൻ സ്കൂളാണ് നവകാന്റിയനിസത്തിന്റെ മറ്റൊരു ശാഖ. ഹൈന്റിച്ച് റികെർട്ട്, ഹ്യൂഗൊ മ്യൂൺസ്റ്റർ എന്നിവർ ഈ ശാഖയുടെ പ്രധാന വക്താക്കളായിരുന്നു. ഇവരുടെ വീക്ഷണം മൂല്യ-സൈദ്ധാന്തിക അതീതദർശനം എന്നാണറിയപ്പെടുന്നത്.
വിമർശനാത്മക തത്ത്വചിന്ത
[തിരുത്തുക]തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തിലും ചരിത്രാഖ്യാനത്തിലും തത്പരരായിരുന്ന വിൻഡൽബൻഡും റികർട്ടും പ്രകൃതിശാസ്ത്രങ്ങളുടെ പരികല്പനകളും തത്ത്വങ്ങളും ഇവയ്ക്ക് പര്യാപ്തമാണെന്ന് മനസ്സിലാക്കി. പ്രകൃതിശാസ്ത്രങ്ങൾക്ക് മാത്രമല്ല സാംസ്കാരിക ശാസ്ത്രങ്ങൾക്കും അടിസ്ഥാനം നൽകേണ്ടത് വിജ്ഞാനസിദ്ധാന്തത്തിന്റെ ദൗത്യമാണെന്ന് ഇവർ പറഞ്ഞു. യാഥാർഥ്യത്തെ പൊതുവായി വീക്ഷിക്കുമ്പോൾ അത് പ്രകൃതിയാകുന്നുവെന്നും ഏതെങ്കിലും പ്രത്യേകതയെയോ വ്യക്തിയെയോ ആസ്പദമാക്കി വീക്ഷിക്കുമ്പോൾ ചരിത്രമാകുന്നുവെന്നും റികർട്ട് അഭിപ്രായപ്പെട്ടു. ചരിത്രത്തെ മനസ്സിലാക്കാനുള്ള താക്കോലായി മൂല്യങ്ങൾ വർത്തിക്കുന്നതിനാൽ തത്ത്വചിന്തയുടെ കേന്ദ്രവിഷയം മൂല്യങ്ങളാകുന്നു. ഇപ്രകാരം കാന്റിന്റെ വിമർശനാത്മക തത്ത്വചിന്ത മൂല്യ-സൈദ്ധാന്തിക വിമർശനമാകുന്നു.
റികർട്ടിന്റെ വിജ്ഞാന സൈദ്ധാന്തിക വിശ്ലേഷണങ്ങൾ മൃദുലവും മ്യൂൺസ്റ്റർബർഗിന്റെ അപഗ്രഥനം പൂർണവുമാണ്. അമൂർത്തമായ മാനവീകരണ പ്രവണതയുടെ മറ്റൊരു രൂപം മാത്രമായിത്തീരുന്നു എന്നതാണ് ബാദൻ ശാഖയുടെ മൂല്യ-സൈദ്ധാന്തിക വീക്ഷണത്തിന്റെ ന്യൂനത. ഈ വീക്ഷണത്തിൽ പ്രസ്താവിക്കുന്ന രീതിയിൽ മൂല്യങ്ങളുടെ അനുമാനം അസാധ്യമാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/408668/Neo-Kantianism
- https://sites.google.com/site/neokantianismbr/ Archived 2011-12-16 at the Wayback Machine.
- http://www.newworldencyclopedia.org/entry/Neo-Kantianism
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നവകാന്റിയനിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |