ലോയസ്സ്
സൂക്ഷ്മ ധൂളികൾ (0.05 മില്ലിമീറ്ററിലും താഴെ വ്യാസമുള്ളവ) വീണടിഞ്ഞുണ്ടാവുന്ന നിക്ഷേപത്തെയാണ് ലോയസ്സ് എന്ന് വിളിക്കുന്നത്. കാറ്റുമൂലമാണ് ലോയസ്സുകൾ ഉണ്ടാവുന്നതും വികസിക്കുന്നതും. ഈ ധൂളികൾ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നു. വ്യാപകമായി ലോയസ്സ് നിക്ഷേപമുള്ള രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ, മധ്യ യൂറോപ്പ്, ചൈന, യു.എസ്.എ എന്നിവയാണ്. വരണ്ട പ്രദേശങ്ങളിൽ നിന്നും എത്തുന്ന കാറ്റാണ് ലോയസ്സ് നിക്ഷേപം കൊണ്ടുവരുന്നത്. ലോയസ്സ് മണ്ണ് പൊതുവേ വളക്കൂറുള്ളതാണ്. ലോയസ്സ് നിക്ഷേപമുള്ള ഇടങ്ങളിൽ മണ്ണിനു കടുപ്പം കുറവായതുകൊണ്ട് ഈ സമതലത്തിലൂടെ ഒഴുകുന്ന നദികൾ താഴ്വരകൾ കാർന്നെടുക്കുകയും, ആഴത്തിൽ ഒഴുകുകയും ചെയ്യുന്നു.[1]
പ്രത്യേകതകൾ
[തിരുത്തുക]ലോയസ്സ് മണ്ണ് ഏകജാതീയവും, സുഷിരങ്ങളുള്ളതും, എളുപ്പം ഉടയുന്നതും കാൽസ്യത്തിന്റെ അംശം കൂടുതലുള്ളതുമാണ്. ക്വാർട്ട്സ്, ഫെൽഡ്സ്പാർ, മൈക്ക എന്നിവ ലോയസ്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇളം മഞ്ഞയാണ് ഇതിന്റെ നിറം.[2]
വ്യാപനം
[തിരുത്തുക]ചൈനയിലെ ലോയസ്സ് മൺകൂനയ്ക്ക് നൂറു മീറ്ററിലധികം കനമുണ്ട്. ചൈനയിലെ മഞ്ഞ നദി ഒഴുകുന്ന ഹുവാങ് താഴ്വര ലോയസ്സ് നിക്ഷേപം കൊണ്ട് സമ്പുഷ്ടമാണ്. നദീതീരങ്ങളിലെ ലോയസ്സുകൾ വെള്ളത്തിന് മഞ്ഞ നിറം കൊടുത്തതുകൊണ്ടാണ് മഞ്ഞ നദിക്ക് ആ പേരു വീണത്. അമേരിക്കയിലെ പാഹാ റിഡ്ജുകളും, മധ്യ യൂറോപ്പിലെ ഗ്രേഡാ റിഡ്ജുകളൂം ലോയസ്സ് നിക്ഷേപണത്താൽ ഉണ്ടായവയാണ്. ഹംഗറിയിലെ ഡുണായുവാറോസ്, റുമേനിയയിലെ വള്ളാച്ചിയൻ സമതലം, ക്രൊയേഷിയയിലെ സുസാക്ക് ദ്വീപ് എന്നിടങ്ങളിൽ ലോയസ്സ് നിക്ഷേപമുണ്ട്. അമേരിക്കയിലെ ഇയോവയിലും, വിക്സ്ബർഗിലൂടെയുഴുകുന്ന മിസ്സിസ്സിപ്പി നദീതീരങ്ങളിലും ലോയസ്സുണ്ട്.
അവലംബം
[തിരുത്തുക]- ↑ Frechen, M.; Horváth, E.; Gábris, G. (1997). "Geochronology of Middle and Upper Pleistocene loess sections in Hungary". Quaternary Research. 48: 291–312. doi:10.1006/qres.1997.1929.
- ↑ Pearson Prentice Hall - World Studies - Europe and Russia