ഘർഷണം
ഉദാത്തബലതന്ത്രം |
---|
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘർഷണം എന്ന് അറിയപ്പെടുന്നത്. വസ്തുക്കൾക്കിടയിലുള്ള സ്പർശനതലങ്ങൾക്കിടയിൽ സമാന്തരമായാണ് ഘർഷണം അനുഭവപ്പെടുന്നത്. സ്വയം ക്രമീകരിക്കുന്ന ഒരു ബലം കൂടിയാണ് ഘർഷണം. വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം. ഘർഷണം മൂലം വസ്തുക്കളുടെ ഗതികോർജ്ജത്തിന്റെ ഒരു ഭാഗം താപോർജ്ജമായി മാറ്റപ്പെടുന്നു.
ഘർഷണപരിധി, സ്ഥിതഘർഷണം, ഗതിഘർഷണം
[തിരുത്തുക]വസ്തു ചലിക്കാൻ തുടങ്ങുമ്പോഴുള്ള പരമാവധി ഘർഷണത്തെ ഘർഷണപരിധി എന്നറിയപ്പെടുന്നു. ഘർഷണത്തെ സ്ഥിതഘർഷണം എന്നും ഗതിഘർഷണം എന്നും തരം തിരിക്കാം. വസ്തുക്കൾ തമ്മിൽ ആപേക്ഷിക ചലനം ഇല്ലാതിരിക്കുമ്പോഴുള്ള ഘർഷണമാണ് സ്ഥിതഘർഷണം. വസ്തുക്കൾ തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ അനുഭവപ്പെടുന്ന ഘർഷണമാണ് ഗതിഘർഷണം എന്ന് അറിയപ്പെടുന്നത്. ഗതിഘർഷണം പരമാവധി സ്ഥിതഘർഷണത്തേക്കാൾ എല്ലായ്പ്പോഴും കുറവായിരിക്കും.
ഉരുളൽ , നിരങ്ങൽ
[തിരുത്തുക]ഘർഷണത്തെ ഉരുളൽ ഘർഷണം എന്നും നിരങ്ങൽ ഘർഷണം എന്നും തരം തിരിക്കാവുന്നതാണ്. രണ്ടു വസ്തുക്കൾ പരസ്പരം ഉരുണ്ട് നീങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ഉരുളൽ ഘർഷണം. വാഹനങ്ങളുടെ ചക്രവും പാതയും തമ്മിൽ ഉള്ള ഘർഷണം ഉരുളൽ ഘർഷണം ആണ്. രണ്ടു വസ്തുക്കൾ പരസ്പരം നിരങ്ങി നീങ്ങുമ്പോൾ അനുഭവപ്പെടുന്ന ഘർഷണമാണ് നിരങ്ങൾ ഘർഷണം. നിരങ്ങൾ ഘർഷണം എല്ലായ്പ്പോഴും ഉരുളൽ ഘർഷണത്തേക്കാൾ കൂടുതലായിരിക്കും.
ദൂഷ്യങ്ങൾ
[തിരുത്തുക]ഘർഷണം പലപ്പോഴും പല ദൂഷ്യങ്ങളും വരുത്തിവയ്ക്കാറുണ്ട്.
- യന്ത്രങ്ങളുടെ തേയ്മാനത്തിന് കാരണമാകുന്നു.
- ഊർജ്ജനഷ്ടം (യന്ത്രങ്ങളിൽ ഘർഷണം ഉണ്ടായാൽ അത് ഇന്ധനത്തിന്റെ പാഴ് ചെലവിന് ഇടയാക്കുന്നു).
- വാഹനങ്ങളുടേയും മറ്റും ഊർജ്ജനഷ്ടത്തിന് വായുവുമായുള്ള ഘർഷണം കാരണമാകുന്നു
ഘർഷണം കുറക്കാനുള്ള മാർഗ്ഗങ്ങൾ
[തിരുത്തുക]- മിനുസപ്പെടുത്തൽ - ഘർഷണം ഉണ്ടാകുന്നത് ഉപരിതലങ്ങളുടെ പരുപരുപ്പായതിനാൽ സമ്പർക്ക ഉപരിതലങ്ങൾ വേണ്ടത്ര മിനുസപ്പെടുത്തി ഘർഷണം കുറക്കാം. എണ്ണ , ഗ്രീസ് മുതലായ സ്നേഹകങ്ങൾ മിനുസപ്പെടുത്തലിനുപയോഗിക്കാം.
- യന്ത്രങ്ങളിലെ ബെയറിംങുകളുടെ ഉപയോഗം.
- ധാരാരേഖിതമാക്കുക.
ഘർഷണം കൊണ്ടുള്ള ഗുണങ്ങൾ
[തിരുത്തുക]ഘർഷണമില്ലാതെ ജീവിക്കുക അസാധ്യം തന്നെ എന്നു പറയാം
- നമ്മെ നടക്കാൻ സഹായിക്കുന്നത് തറയും കാലും തമ്മിലുള്ള ഘർഷണ ബലമാണ്
- വാഹനങ്ങളും മറ്റും ബ്രേക്ക് ഉപയോഗിച്ച് നിർത്തണമെങ്കിൽ ഘർഷണം കൂടിയേ തീരൂ
- ഭിത്തിയിലും മറ്റും ആണി പോലുള്ള വസ്തുക്കൾ ഉറപ്പിച്ച് നിർത്താൻ സഹായിക്കുന്നതും ഘർഷണം തന്നെ
- ഉരസലിലൂടെ തീയുണ്ടാകാൻ സഹായിക്കുന്നതും ഘർഷണം തന്നെയാണ്
- ഉൽക്കകളിൽ നിന്നും മറ്റു ഭൂമിയെ ഒരു പരിധിവരെ സംരക്ഷിക്കാനും ഘർഷണം സഹായിക്കുന്നു. അന്തരീക്ഷവുമായുള്ള ഘർഷണത്തിൽ ഉൽക്കകൾ കത്തിപ്പോകുന്നതിനാൽ അവ ഭൂപ്രതലത്തിൽ എത്തുന്നില്ല