ഗവി
ഗവി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട ജില്ല |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,036 m (3,399 ft) |
വെബ്‌സൈറ്റ് | www.gaviecotourism.com/ |
9°26′25.72″N 77°9′37.25″E / 9.4404778°N 77.1603472°E പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.[1]
പേരിന് പിന്നിൽ
[തിരുത്തുക]ഗവിയെന്നാൽ വാക്കെന്നാണ് അർത്ഥം.[2]
വിനോദസഞ്ചാരം
[തിരുത്തുക]ആരംഭം, വളർച്ച
[തിരുത്തുക]'ഗ്രോ മോർ ഫുഡ്' പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകൾ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ഏറ്റെടുത്തു. എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ട തമിഴ് വംശജരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിലധികവും. ഗവി ഇവരുടെ നാടാണെന്നു പറയാം. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കൻ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോർപറേഷൻ നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലക്കൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോൾ തൊഴിലാളികൾക്ക് തുടർച്ചയായി മൂന്നും നാലും മാസം ശമ്പളം മുടങ്ങിയിരുന്നു. തുടർന്ന് വിനോദസഞ്ചാര രംഗത്തേക്ക് കോർപറേഷൻ ഇറങ്ങിയതോടെയാണ് വരുമാനം വർധിച്ചത്. ഇതോടെ തൊഴിലാളികൾക്ക് മുടങ്ങാതെ ശമ്പളം നൽകാനാകുന്നുണ്ട്.
സാധ്യതകൾ
[തിരുത്തുക]കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവ കാട്ടിൽ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്പലും നാനാജാതി ചിത്രശലഭക്കൂട്ടങ്ങളും ഇവിടെ സുലഭമായി കാണാം. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.
വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താൽക്കാലികമായി നിർമ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാൻഷനായി മാറിയത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഇപ്പോഴുള്ള ഏക സങ്കേതമാണിത്. 950 മുതൽ 1750 രൂപ വരെയുള്ള വിവിധ പാക്കേജുകൾ നിലവിലുണ്ട്. പക്ഷേ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്.[3] ഓർഡിനറി എന്ന മലയാള സിനിമയാണ് ഗവി ഒരു പ്രമേയമായി ചിത്രീകരിച്ച ആദ്യ സിനിമ.
നിയന്ത്രണം
[തിരുത്തുക]മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിക്കുന്നതിനാൽ സന്ദർശന അനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.[4] മുൻകൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.[5]
കാലാവസ്ഥ
[തിരുത്തുക]വേനൽ കാലത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പകൽ പരമാവധി 28°C വരെ താപനില ഉയരാറുണ്ട്; എന്നാൽ രാത്രിയോടെ താപനില താഴ്ന്ന് 20° C വരെ എത്തി നിൽക്കും. മഴക്കാലത്ത് ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ പകൽ താപനില പരമാവധി 25°C വരെ എത്താറുണ്ടെങ്കിലും രാത്രി ആവുമ്പോഴേക്കും താപനില 10°C വരെ താഴാറുണ്ട്.സന്ദർശകർ പ്ലാസ്റ്റിക് വലിച്ചെറിയരുത്[6]
എത്തിച്ചേരാനുള്ള വഴികൾ
[തിരുത്തുക]കൊല്ലം- മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ. വളരെ ദുർഘടം പിടിച്ച വഴിയായതിനാൽ ജീപ്പ് പോലയുള്ള ഓഫ്-റോഡർ വാഹനങ്ങളാണ് ഉചിതം. വണ്ടിപ്പെരിയാറിൽ നിന്നും കുമിളിയിൽ നിന്നും ഇത്തരം വാഹനങ്ങൾ ലഭിക്കും. വണ്ടിപ്പെരിയാറിൽ നിന്നും ആദ്യത്തെ ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ വള്ളക്കടവ് ചെക്‌പോസ്റ്റാണ്. പ്രവേശനപാസ്സുകൾ വള്ളക്കടവിലുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റിൽനിന്ന് ലഭ്യമാണ്. ഇതിനു പുറമേ പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സർവീസ്. രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സർവ്വീസുകൾ.
70 കിലോമീറ്റർ അകലെയുള്ള തേനിയും 120 കിലോമീറ്റർ അകലെയുള്ള കോട്ടയവുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ യഥാക്രമം 200-ഉം 250-ഉം കിലോമീറ്റർ അകലെയാണ്.
അവലംബം
[തിരുത്തുക]- ↑ "'ഗവി' നിത്യ ഹരിതവനങ്ങളുടെ തുരുത്ത്". കേരളഭൂഷണം. സെപ്തംബർ 2, 2011. Retrieved മേയ് 26, 2012.
{{cite web}}
: Check date values in:|date=
(help) - ↑ "ഗവിയെന്നാൽ". ദേശാഭിമാനി. മേയ് 12, 2012. Retrieved മേയ് 26, 2012.
- ↑ "സഞ്ചാരം - ഗവി". മാതൃഭൂമി. ജനുവരി 23, 2010. Archived from the original on 2012-05-26. Retrieved മേയ് 26, 2012.
- ↑ "ഓർക്കുക...ഗവി ഒരു വിനോദസഞ്ചാര കേന്ദ്രമല്ല". മലയാള മനോരമ. Archived from the original on 2012-05-23. Retrieved മേയ് 26, 2012.
- ↑ "ഗവിയിലേക്കാണോ യാത്ര? അറിയേണ്ടതെല്ലാം". manoramaonline.com.
- ↑ Touring Kerala website
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗവിയിലെ ഹരിതമൗനം Archived 2012-05-25 at the Wayback Machine. ലേഖനം, മാതൃഭൂമി യാത്ര
- ഇളം മഞ്ഞിൻ കുളിരുമായി ഗവി യാത്രാക്കുറിപ്പ്, ധൂൾന്യൂസ്
- ഗവി കെ.എഫ്.ഡി.സി. വെബ്‌സൈറ്റ്
- ഗവിയിലേക്കും തേക്കടിയിലേക്കുമൊരു യാത്ര
- പത്തനംതിട്ട ഗവി കുമിളി വഴി കെ.എസ്.ആർ.ടി.സി. യാത്ര
- കേരള വനം വികസന കോർപ്പറേഷൻ Archived 2017-04-20 at the Wayback Machine.
- ട്രിപ്പ് അഡ്വൈസർ
- Trekila tours Archived 2011-07-17 at the Wayback Machine.
- പെരിയാർ വൈൽഡ് ലൈഫ് Archived 2016-06-28 at the Wayback Machine.
- ഗവി ട്രെക്കിങ്
- ഗവിയിലേക്കൊരു യാത്ര Archived 2016-06-05 at the Wayback Machine.
- ഗവി. വിനോദ സഞ്ചാരികളുടെ പറുദീസ Archived 2014-04-02 at the Wayback Machine., ലേഖനം, പ്രവാസികൈരളി.കോം