Jump to content

ബാമിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാമിയാൻ

بامیان
രാജ്യംഅഫ്ഗാനിസ്താൻ
പ്രവിശ്യബാമിയാൻ പ്രവിശ്യ
ഉയരം
9,200 അടി (2,800 മീ)
ജനസംഖ്യ
 • ആകെ61,863
സമയമേഖലUTC+4:30

മദ്ധ്യ അഫ്ഗാനിസ്താനിലെ ഹസാരജാത് മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ബാമിയാൻ. ബാമിയാൻ പ്രവിശ്യയുടെ തലസ്ഥാനനഗരവുമാണ് ഇത്. അഫ്ഗാൻ മലകൾക്കു മദ്ധ്യത്തിൽ സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര ദേശീയതലസ്ഥാനമായ കാബൂളിന് 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുകുഷിന് കുറുകെയുള്ള പല പ്രധാന ചുരങ്ങളിൽ നിന്നുള്ള പാതകളുടെ സംഗമസ്ഥാനമാണ് എന്നതാണ് ബാമിയാൻ താഴ്വരയുടെ പ്രധാന ഭൂമിശാസ്ത്രപ്രത്യേകത.[1] തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററും വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്. അഫ്ഗാനിസ്താനിലെ ദരിദ്രന്യൂനപക്ഷവിഭാഗമായ ഹസാരകളാണ് ഇവിടത്തെ ജനസംഖ്യയിൽ അധികവും.[2]

ബുദ്ധമതശില്പകലക്ക് പേരുകേട്ടയിടമാണ്‌ ബാമിയാൻ താഴ്വര. 2001-ൽ താലിബാൻ തീവ്രവാദികളുടെ ഭരണകൂടം നശിപ്പിക്കുന്നതു വരെ പതിനാറു നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന കൂറ്റൻ ബുദ്ധപ്രതിമകൾ പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ എണ്ണച്ചായചിത്രങ്ങൾ ഇവിടത്തേതാണെന്ന് 2008-ൽ കണ്ടെത്തിയിട്ടുണ്ട്[3]. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങൾ മൂലം ബാമിയാൻ താഴ്വര യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്[4]. ബാമിയൻ താഴ്വരക്കടുത്തുള്ള ഫുലാദി, കമ്രാക് താഴ്വരകളും ബുദ്ധമതചരിത്രസ്മാരകങ്ങൾക്ക് പേരുകേട്ടതാണ്[5]‌.

ചരിത്രം

[തിരുത്തുക]

കുറഞ്ഞത് ഗ്രീക്കോ ബാക്ട്രിയരുടെ കാലം മുതൽക്കെയെങ്കിലും ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനപ്പെട്ട ഒരു പാതയിലെ ഇടത്താവളാമായിരുന്നു ബാമിയൻ താഴ്വര. ഗ്രീക്കോ ബാക്ട്രിയരുടെ നാണയങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്[5].

ഫാന്യാന എന്നാണ് ചൈനീസ് സഞ്ചാരിയായ ഷ്വാൻ ത്സാങ് ബാമിയാൻ താഴ്വരയെ തന്റെ ഗ്രന്ഥങ്ങളിൽ പറയുന്നത്. ഇവിടത്തെ നിവാസികൾ അടിയുറച്ച ബുദ്ധമതവിശ്വാസികളായിരുന്നെന്നും ലോകോത്തരവാദം എന്ന മഹായാനത്തിന്റേയും ഹീനയാനത്തിന്റേയും മദ്ധ്യേയുള്ള ബുദ്ധമതസരണിയാണ് ഇവർ പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. ബാമിയാനിലെ കൂറ്റൻ ബുദ്ധപ്രതിമകളെക്കുറീച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്[6]. ബുദ്ധംതകാലത്ത് ഇവിടെയുണ്ടായിരുന്ന നഗരത്തിന് ഗുൽഗുല എന്നായിരുന്നു പേര്.[1]

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഗോറികൾ സാൽജ്യൂക്കുകളുടെ സാമന്തരായി ഭരിക്കുന്ന കാലത്ത് അവരുടെ തലസ്ഥാനമായിരുന്നു ബാമിയാൻ[7].

1221-ൽ ചെങ്കിസ് ഖാൻ ബാമിയാൻ ആക്രമിച്ചു നശിപ്പിച്ചു. ബാമിയാനിൽ വച്ച് ചെങ്കിൻസ് ഖാന്റെ ഒരു പൗത്രൻ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാരമായി, താഴ്വരയിലെ എല്ലാ ജീവജന്തുക്കളേയും മംഗോളിയർ കൊന്നൊടുക്കി. ബാമിയാനിലെ മലമടക്കുകൾക്ക് തെക്കുള്ള ശഹർ ഇ ഘോൽഘോലയിലെ കോട്ട ഇന്നും ഈ നാശനഷ്ടത്തിന്റെ മുറിപ്പാടുകൾ പേറുന്നുണ്ട്[8].

ബാമിയാനിലെ ബുദ്ധപ്രതിമകൾ

[തിരുത്തുക]

ബാമിയൻ താഴ്വരയുടേ വടക്കു ഭാഗത്തുള്ള ചെരിവിലെ പാറകളിൽ ഗുഹകൾ നിർമ്മിച്ച് നിരവധി വിഹാരങ്ങളും ശില്പങ്ങളും, ഇവിടെ ജീവിച്ചിരുന്ന ബുദ്ധമതവിശ്വാസികൾ നിർമ്മിച്ചിട്ടുണ്ട്. ഗാന്ധാരകലയുടെ ഉത്തമോദാഹരണമായിരുന്ന ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ഇവയിൽ ഏറ്റവും പ്രധാനമായിരുന്നത്[5]. ഒരു ചെങ്കുത്തിന്റെ വശത്ത് നില്ക്കുന്ന രൂപത്തിലാണ് ഈ പ്രാചീനബുദ്ധശില്പങ്ങൾ നിലനിന്നിരുന്നത്. ഗ്രിക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ഇത്. 2001 മാർച്ചിൽ താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു[9]. പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്നിരിക്കണം ഇത്. ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്[5].

പണ്ട് ഈ പ്രതിമകൾ മനോഹരമായ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു എന്നു കരുതുന്നു. പ്രതിമകൾ നിലനിൽക്കുന്ന ഗുഹകളുടെ ചുമരിലും ചിത്രാലങ്കാരം ഉണ്ടായിരുന്നു. ചെറിയ ബുദ്ധപ്രതിമയിലെ അലങ്കാരം 6/7 നൂറ്റാണ്ടിലെ ഇറാനിലെ സസാനിയൻ രീതിയിലാണ്. എന്നാൽ വലിയ ബുദ്ധപ്രതിമയിലെ അലങ്കാരങ്ങൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ചിത്രപ്പണീകളിൽ നിന്നും പ്രതിമകളുടെ കാലം നിർണയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 632-ആം ആണ്ടിലെ ഷ്വാൻ സാങിന്റെ സന്ദർശനവേളയിൽ ഈ പ്രതിമകൾ രണ്ടും ഇവിടെ ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്[5].

ചിത്രങ്ങൾ‌

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 1 - Descriptive". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 10. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 3 - THe rise of Islam in Centreal Asia". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 24. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. nationalgeographic.com: accessed June 6, 2008
  4. http://whc.unesco.org/en/list/208
  5. 5.0 5.1 5.2 5.3 5.4 Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 155–157. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 172. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 200–203. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 205. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2009-10-21.

പുറത്തേക്കുള്ള കണ്ണികൾ‌

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാമിയാൻ&oldid=3839593" എന്ന താളിൽനിന്ന് ശേഖരിച്ചത്