Jump to content

ജീപ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പീൻസിലെ പൊതു യാത്രാവാഹനങ്ങളായ ജീപ്നികൾ അവയുടെ ധാരാളിത്തം നിറഞ്ഞ അലങ്കാരത്തിന്റേയും തിരക്കിന്റേയും പേരിൽ ശ്രദ്ധിക്കപ്പെടുന്നു

ഫിലിപ്പീൻസിലെ മുഖ്യ പൊതു യാത്രാവാഹനമാണ് ജീപ്നി. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ ഫിലിപ്പീൻസ് വിട്ടു പോയ അമേരിക്കൻ സേന ഉപേക്ഷിച്ച സൈനിക ജീപ്പുകളുടെ രൂപാന്തരീകരണമാണ് ഈ വാഹനങ്ങൾ. ജീപ്നികൾ അവയുടെ ധാരാളിത്തം നിറഞ്ഞ അലങ്കാരങ്ങളുടേയും തിരക്കിന്റേയും പേരിൽ ശ്രദ്ധിക്കപ്പെടുന്നു. ഫിലിപ്പീൻസിലെ ജനകീയസംസ്കാരത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി ഈ വാഹനങ്ങൾ ഇന്നു കണക്കാക്കപ്പെടുന്നു.

മിക്കവാറും ജീപ്നികൾ പൊതുയാത്രാ വാഹനങ്ങളാണെങ്കിലും കുടുംബങ്ങളുടെ സ്വകാര്യ യാത്രാവാഹനങ്ങൾ വാണിജ്യ വാഹനങ്ങൾ എന്നീ നിലകളിൽ ഉപയോഗിക്കപ്പെടുന്ന ജീപ്നികളും ഉണ്ട്.

ചരിത്രം, സംസ്കാരം

[തിരുത്തുക]
ജീപ്നി മറ്റൊരു ചിത്രം

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഫിലിപ്പീൻസ് വിട്ടുപോകാനൊരുങ്ങിയ അമേരിക്കൻ സേന നൂറു കണക്കിനു സൈനികജീപ്പുകൾ ഫിലിപ്പീനികൾക്കു വിൽക്കുകയോ വെറുതേ നൽകുകയോ ചെയ്തു. അവയെ പൊളിച്ചു പണിത പുതിയ ഉടമകൾ യാത്രക്കാർക്കു തണൽ കിട്ടും വിധം അവയ്ക്കു മേൽക്കൂര തീർക്കുകയും ഏറെപ്പേരെ ഉൾക്കൊള്ളാനാകും വിധം വലുതാക്കുകയും ചെയ്തു. അതിനു പുറമേ അവർ കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകൾ തേച്ചും തിളക്കമുള്ള ലോഹപാളികൾ പൊതിഞ്ഞും അവയെ മോടിപ്പെടുത്തി.

ക്രമേണ യാത്രാവാഹനങ്ങൾ എന്ന നിലയിൽ ജനപ്രീതി നേടിയ ജീപ്നികൾ, യുദ്ധത്തിൽ മിക്കവാറും നശിച്ച ഫിലിപ്പീൻസിലെ പൊതുയാത്രാ സംവിധാനത്തെ പുന:സ്ഥാപിക്കാനുള്ള മാർഗ്ഗമായി വികസിച്ചു. അവയുടെ വ്യാപകമായ ഉപയോഗത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഫിലിപ്പീൻ സർക്കാർ അതിനെ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വന്നു. അങ്ങനെ ഈ വാഹനങ്ങളുടെ ഡ്രൈവർമർക്ക് അനുമതിപത്രങ്ങളും ജീപ്നികൾ ഓരോന്നിനും നിശ്ചിതമായ റൂട്ടുകളും ചാർജ് നിരക്കുകളും വേണമെന്നായി.

ജീപ്നി റൂട്ടുകൾക്ക് ചാർജ്ജ് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റുകളോ കണ്ടക്ടർമാരോ ഇല്ല. യാത്രക്കാർ ചാർജ്ജ് ഡ്രൈവറെ ഏല്പിക്കുകയാണു പതിവ്. ഡ്രൈവറുടെ ഇരിപ്പിടത്തിൽ നിന്ന് അകലെ വാഹനത്തിന്റെ പിന്നിൽ ഇരിക്കുന്ന യാത്രക്കാർ, അവർക്കു മുന്നിലുള്ള സഹയാത്രക്കാർ വഴി പണം ഡ്രൈവറുടെ കൈയ്യിൽ എത്തിക്കുന്നു. യാത്രക്കിടെ പൊട്ടിച്ചിരിക്കുന്നതും ഉറക്കെ സംസാരിക്കുന്നതും മര്യാദയായി പരിഗണിക്കപ്പെടുന്നില്ല. നിശ്ശബ്ദതയോ, ആവശ്യം വന്നാൽ ശബ്ദം താഴ്ത്തിയുള്ള സംസാരമോ ആണു പതിവ്.[1] ജീപ്നികൾക്ക് ഉയരം കുറവായതിനാൽ സീറ്റുകളിൽ ഇരുന്നല്ലാതെ, നിന്നുള്ള യാത്ര സാദ്ധ്യമല്ല.

വിമർശനം, ഭാവി

[തിരുത്തുക]
ഒരു ജീപ്നിയുടെ നിറപ്പകിട്ടുള്ള മുഖം

"ഫിലിപ്പീൻസിന്റെ അഭിമാനവും ആനന്ദവും" (the pride and joy of Philippines) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജീപ്നികൾ, ഒരു യാത്രാസംവിധാനമെന്ന നിലയിൽ വിമർശിക്കപ്പെടുന്നുമുണ്ട്. "നിറപ്പകിട്ടുള്ള ഈ വാഹനങ്ങൾ കൃത്യമായ നിരക്കിന് കൃത്യമായ റൂട്ടുകളിൽ ഓടുന്നെങ്കിലും, യാത്രക്കാരെ, നടുവഴിയെന്നോ, ട്രാഫിക് സിഗ്നനലെന്നോ, കാൽനടക്കാരുടെ മുറിച്ചുകടക്കൽ പാതയെന്നോ ഭേദം കല്പിക്കാതെ എവിടെനിന്നും കയറ്റി എവിടേയും ഇറക്കുന്നു. വഴിയുടെ ഈ സാർവാധിപതികൾ എല്ലാത്തരം ട്രാഫിക് നിയമങ്ങൾക്കും ഉപരിയാണെന്നു കരുതണം.... ഒച്ചപ്പാടും, ഡീസൽപ്പുകമാലയും, തിക്കിത്തിരക്കും, ചെലവുകുറവും, കാര്യക്ഷമതയില്ലായ്മയും എല്ലാം ചേർന്ന അവ, തികച്ചും ഫിലിപ്പിനീയമാണ്"[൧] എന്നാണ് വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള ഒരു രാഷ്ട്രാന്തരപത്രികയുടെ വിലയിരുത്തൽ.[2]

ജീപ്നികളെ ജനപ്രിയമാക്കിയ സൗന്ദര്യവീക്ഷണവും സംസ്കാരവും ഉൾക്കൊള്ളാനാകാത്ത ധനമാത്രകാംക്ഷികളായ പുതിയ ഉടമകളുടെ സ്വാർത്ഥതയും, പുതിയ യാത്രാ മാദ്ധ്യമങ്ങളുമായുള്ള മത്സരവും, ഈ വാഹനസഞ്ചയത്തിന്റെ അതിജീവനത്തിനു ഭീഷണിയായിരിക്കുന്നു എന്നു കരുതുന്നവരുണ്ട്.[3]

കുറിപ്പുകൾ

[തിരുത്തുക]

^ "....crowded, cheap, utterly inefficient and totally Philippino."

അവലംബം

[തിരുത്തുക]
  1. Thomas D Andres and Pilar B. Ilada-Andres, "Understanding the Filipino" (പ്രസാധകർ, New Day Publishers Quezon City, Philippines (1987)
  2. Philippines: Diving and Snorkeling, Specially produced by "Lonely planet"
  3. Reuters വാർത്ത Manila's Jeepney pioneer fears the end of the road Archived 2013-11-13 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജീപ്നി&oldid=3654085" എന്ന താളിൽനിന്ന് ശേഖരിച്ചത്